
മുംബൈ: ദുർഗ്ഗാ പൂജ ആഘോഷങ്ങൾക്കായി അനുവദിച്ച അവധി എടുത്തതിന് ഒരു ഇന്ത്യൻ ജീവനക്കാരനെ സ്റ്റാർട്ടപ്പ് കമ്പനി പിരിച്ചുവിട്ടു. തനിക്കുണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ട് ജീവനക്കാരൻ റെഡ്ഡിറ്റിൽ പങ്കുവെച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. 'ദുർഗ്ഗാ പൂജ സമയത്ത് അവധി എടുത്തതിന് എന്നെ പിരിച്ചുവിട്ടു' എന്ന തലക്കെട്ടോടെയാണ് ജീവനക്കാരൻ സബ്‌റെഡിറ്റിൽ തൻ്റെ അനുഭവം വിവരിച്ചത്. ശരിയായ ചാനലുകളിലൂടെയാണ് അവധിക്ക് അപേക്ഷിക്കുകയും അനുമതി നേടുകയും ചെയ്തതെങ്കിലും തൻ്റെ ജോലി നഷ്ടമായെന്ന് അദ്ദേഹം പറയുന്നു.
വളരെ നിസ്സാരമായ ഒരു കാരണത്തിന് എനിക്ക് ജോലി നഷ്ടമായി. പിരിച്ചുവിട്ടുകൊണ്ടുള്ള ഇമെയിലിൽ 'അനധികൃതമായി ജോലിക്ക് ഹാജരാകാത്തതിനാൽ ജോലിയിൽ നിന്ന് ഒഴിവാക്കുന്നുവെന്നാണ് എച്ച്.ആർ. പറഞ്ഞിരിക്കുന്നത്. അവധിക്ക് പോകുന്നതിന് മൂന്നാഴ്ച മുൻപ് തന്നെ താൻ മാനേജരെ അറിയിക്കുകയും, കമ്പനിയുടെ സി.ഇ.ഒയിൽ നിന്ന് പോലും അനുമതി വാങ്ങുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ നാല് മാസമായി താൻ കഠിനാധ്വാനം ചെയ്യുകയും ആവശ്യമുള്ളപ്പോഴെല്ലാം അധിക സമയം ജോലി ചെയ്യുകയും ചെയ്തിരുന്നുവെന്നും, എന്നിട്ടും ഇങ്ങനെയൊരു ദുരവസ്ഥ നേരിടേണ്ടി വന്നതിൽ താൻ വളരെ ദുഃഖിതനും തകർന്നുപോയതായും ജീവനക്കാരൻ പറയുന്നു. റിലീവിംഗ് ലെറ്റർ, എക്സ്പീരിയൻസ് ലെറ്റർ, പേ സ്ലിപ്പുകൾ എന്നിവ പോലുള്ള രേഖകൾ കമ്പനി തരുമോ, ഈ സാഹചര്യത്തിൽ എന്തുചെയ്യണം എന്ന് ചോദിച്ച് സഹായം അഭ്യർത്ഥിച്ചുകൊണ്ടാണ് റെഡ്ഡിറ്റിൽ അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam