
ദില്ലി: പ്രശസ്ത ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് അസം സർക്കാർ. ഗുവാഹത്തി ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയായ സൗമിത്ര സൈകി അധ്യക്ഷൻ ആയ സമിതിയാണ് അന്വേഷണം നടത്തുക. ഇതിനിടെ സുബീൻ ഗാർഗിന്റെ മാനേജർക്കും പരിപാടിയുടെ സംഘാടകനുമെതിരെ അറസ്റ്റിലായ സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസാമി മൊഴി നൽകി. സുബീൻ ഗാർഗിന് മാനേജർ സിദ്ധാർത്ഥ ശർമയും പരിപാടിയുടെ സംഘാടകൻ ശ്യാംകാനു മഹന്തയും വിഷം നൽകിയതാവാം എന്ന് ഗോസാമി മൊഴി നൽകിയതായാണ് റിപ്പോർട്ടുകൾ.
മരണത്തിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ സിദ്ധാർത്ഥ് ശർമയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതായും ഗോസാമി പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. എന്നാൽ അസം പൊലീസ് മൊഴി സംബന്ധിച്ച വിവരങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇൻകം ടാക്സ് വിഭാഗവും സുബീൻ ഗാർഗിന്റെ മരണത്തിലുള്ള അന്വേഷണത്തിൽ പങ്കുചേരും. ശ്യാംകാനു മഹന്തയുടെ സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ചും ബിനാമി ഇടപാടുകളെ കുറിച്ചും അന്വേഷണം നടത്തുമെന്നാണ് വിവരം.