
പാറ്റ്ന: പലരുടെയും സ്വപ്നമായ സിവിൽ സർവീസസ് പരീക്ഷ ചെറിയ പ്രായത്തിൽ തന്നെ കീഴടക്കുകയും രാജ്യത്തെ ഉന്നത തൊഴിൽ മേഖലകളിലൊന്നായി കണക്കാക്കപ്പെടുന്ന ഐപിഎസിൽ തന്റെ 22-ാം വയസിൽ തന്നെ പ്രവേശിക്കുകയും ചെയ്യുക വഴി അസൂയാർഹമായി നേട്ടം സ്വന്തമാക്കിയ ഒരു ഉദ്യോഗസ്ഥയുടെ പടിയിറക്കം വാർത്തയാവുകയാണ്. വെറും അഞ്ച് വർഷത്തെ സർവീസ് പൂർത്തിയാക്കിയ ശേഷം 28-ാം വയസിൽ വിരമിക്കൽ അപേക്ഷ നൽകിയത് ബിഹാർ കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥ കാമ്യാ മിശ്രയാണ്. രാഷ്ട്രപതി ഇവരുടെ വിരമിക്കൽ അപേക്ഷ ഔദ്യോഗികമായി സ്വീകരിക്കുക കൂടി ചെയ്തതോടെ ഐപിഎസ് കുപ്പായം ഊരിവെച്ച് ഇനി മറ്റൊരു മേഖലയിലേക്ക് കടക്കുകയാണ് ഈ യുവതി.
ഒഡിഷ സ്വദേശിനിയായ കാമ്യ ചെറിയ പ്രായത്തിൽ തന്നെ പഠന മികവിൽ അധ്യാപകരെ വിസ്മയിപ്പിച്ചിരുന്ന മിടുക്കിയായിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 98 ശതമാനം മാർക്ക് നേടിയ ശേഷം പിന്നീട് യുപിഎസ്‍സി സിവിൽ സർവീസസ് പരീക്ഷയിൽ 172-ാം റാങ്ക് നേടി തന്റെ 22-ാം വയസിൽ ഐപിഎസ് സ്വന്തമാക്കി. 2020 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയായി ആദ്യ നിയമനം ലഭിച്ചത് ഹിമാചൽ പ്രദേശ് കേഡറിലായിരുന്നു. പിന്നീട് വിവാഹ ശേഷം ബിഹാർ കേഡറിലെത്തി. പരിശീലനം പൂർത്തിയാക്കി അഞ്ച് വർഷം ജോലി ചെയ്തതോടെ 28-ാം വയസിൽ ഐപിഎസിൽ നിന്നുള്ള തന്റെ രാജി പ്രഖ്യാപിക്കുകയായിരുന്നു കാമ്യ. പലരും വിരൂര സ്വപ്നമായി കാണുകയും വർഷങ്ങളോടും കഠിന്വാധ്വാനം ചെയ്യുകയും ചെയ്യുന്ന ആ ജോലി കാമ്യ ഉപേക്ഷിക്കുന്നത് തന്റെ കുടുംബ ബിസിനസ് നോക്കി നടത്താനാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഒഡിഷയിലെ വലിയ വ്യവസായ കുടുംബത്തിലെ അംഗമാണ് കാമ്യയുടെ അച്ഛൻ. വീട്ടിലെ ഒരേയൊരു മകളായ കാമ്യ അച്ഛന്റെ ബിസിനസ് സാമ്രാജ്യം ഏറ്റെടുക്കാനായി ഐപിഎസ് ഉപേക്ഷിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. പൊതുസേവന രംഗത്തു നിന്ന് കോർപറേറ്റ് മാനേജ്‍മെന്റ് തലപ്പത്തേക്കായിരിക്കും കാമ്യയുടെ ഇനിയുള്ള യാത്രയെന്നർത്ഥം. ബിഹാർ കേഡറിൽ ഐപിഎസ് ഉദ്യോഗസ്ഥനായ അവാദേഷ് സരോജാണ് ഭർത്താവ്. 2019 ബാച്ച് ഉദ്യോഗസ്ഥനായ അവേദേഷിനെ ഐപിഎസ് പരിശീലനത്തിനിടെ കാമ്യ പരിചയപ്പെടുകയായിരുന്നു. 2022ൽ രാജസ്ഥാനിലെ ഉദയ്‍പൂരിൽ വെച്ചായിരുന്നു ഇവരുടെ ആഡംബര വിവാഹ ചടങ്ങുകൾ. ഒരേ കേഡറിൽ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടെയാണ് കാമ്യ ഐപിഎസ് ഉപേക്ഷിച്ച് അച്ഛന്റെ ബിസിനസിലേക്ക് ഇറങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam