യുപിയിലെ ചെറുനഗരങ്ങളിലേയും ഗ്രാമങ്ങളിലേയും കൊവിഡ് സാഹചര്യം ദൈവത്തിന്‍റെ കയ്യിലെന്ന് ഹൈക്കോടതി

By Web TeamFirst Published May 18, 2021, 9:50 AM IST
Highlights

ഉത്തര്‍ പ്രദേശിലെ ഗ്രാമങ്ങളിലേയും ചെറുനഗരങ്ങളിലേയും ആരോഗ്യ രക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ദൈവത്തിന്‍റെ കരുണയിലെന്നാണ് കോടതിയുടെ വിമര്‍ശനം. സിദ്ധാര്‍ത്ഥ് വര്‍മ്മ, അജിത് കുമാര്‍ എന്നിവരുടെ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. 


ഉത്തര്‍ പ്രദേശിലെ ചെറുനഗരങ്ങളിലേയും ഗ്രാമങ്ങളിലേയും ചികിത്സാ സൌകര്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. സംസ്ഥാനത്തെ കൊവിഡ് വ്യാപനവും ക്വാറന്‍റൈന്‍ സംവിധാനത്തെയും സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഉത്തര്‍ പ്രദേശിലെ ഗ്രാമങ്ങളിലേയും ചെറുനഗരങ്ങളിലേയും ആരോഗ്യ രക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ദൈവത്തിന്‍റെ കരുണയിലെന്നാണ് കോടതിയുടെ വിമര്‍ശനം. സിദ്ധാര്‍ത്ഥ് വര്‍മ്മ, അജിത് കുമാര്‍ എന്നിവരുടെ ബെഞ്ചിന്‍റേതാണ് നിരീക്ഷണം.

മീററ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 64കാരന്‍ സന്തോഷ് കുമാറിന്‍റെ മരണം സംബന്ധിച്ച കേസിലാണ് ഈ നിരീക്ഷണം. ഡോക്ടര്‍മാര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാതിരുന്നതിനേ തുടര്‍ന്ന് സന്തോഷ് കുമാറിന്‍റെ മൃതദേഹം തിരിച്ചറിയപ്പെടാത്ത് മൃതദേഹങ്ങള്‍ക്കൊപ്പം സംസ്കരിക്കുകയായിരുന്നു. ഏപ്രില്‍ 22 നാണ് ഐസൊലേഷന്‍ വാര്‍ഡിലെ ശുചിമുറിയില്‍ സന്തോഷ് കുമാര്‍ ബോധംകെട്ട് വീണത്. രക്ഷിക്കാനുള്ള ശ്രമങ്ങളും വിഫലമായി. എന്നാല്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്ക് സന്തോഷ് കുമാറിനെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല ഇയാളുടെ രോഗവിവരമടങ്ങിയ ഫയലും കണ്ടെത്താനായില്ല. ഇതോടെ ഇയാളുടെ മൃതദേഹം തിരിച്ചറിയപ്പെടാത്തവരുടെ വിഭാഗത്തിലേക്ക് ഉള്‍പ്പെടുത്തി സംസ്കരിക്കുകയായിരുന്നു.

മീററ്റ് പോലുള്ള നഗരത്തിലെ മെഡിക്കല്‍ കോളേജിലെ അവസ്ഥ ഇതാണെങ്കില്‍ സംസ്ഥാനത്തെ താരതമ്യേന ചെറിയ നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും സ്ഥിതി എന്തായിരിക്കുമെന്ന് കോടതി ചോദിച്ചു. ഇവിടെയെല്ലാം ദൈവകൃപ എന്ന് മാത്രമേ പറയാനാവൂവെന്നും കോടതി വിലയിരുത്തി. ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും ഇത്തരം സമീപനമാണ് സ്വീകരിക്കുന്നതെങ്കില്‍ അത് വളരെ ഗുരുതരമായ തെറ്റാണെന്നും നിഷ്കളങ്കരായ ആളുകളുടെ ജീവന്‍ വച്ചാണ് ഈ അലംഭാവമെന്നും കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ആശുപത്രികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ സംവിധാനങ്ങളൊരുക്കണമെന്നും കോടതി നിരീക്ഷിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!