എംഎൽഎമാർക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുമോ എന്ന ആശങ്ക; മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനം നടപ്പായില്ല

By Web TeamFirst Published Jul 17, 2022, 10:51 AM IST
Highlights

ഭരണ സ്തംഭനം ഒഴിവാക്കാൻ ഇതിലും ഭേദം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതാണെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

മുംബൈ: ഷിന്‍ഡെ സർക്കാർ അധികാരമേറ്റ് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനം നടപ്പായില്ല. സംസ്ഥാനം പ്രളയം അടക്കം നേരിടുന്ന ഘട്ടത്തിലും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രമാണ് അധികാര കേന്ദ്രത്തിലുള്ളത്. ഭരണ സ്തംഭനം ഒഴിവാക്കാൻ ഇതിലും ഭേദം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതാണെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

'കരീബിയൻ രാജ്യമായ ബാർബഡോസിൽ രണ്ടര ലക്ഷം ജനങ്ങളേ ഉള്ളൂ. അവിടെ ഭരണ നിർവഹണത്തിനായി 27 മന്ത്രിമാരുണ്ട്. 12 കോടി ജനങ്ങളുള്ള മഹാരാഷ്ട്രയിലുള്ളത് രണ്ടേ രണ്ട് പേർ. സർക്കാരിന്‍റെ രൂപീകരണവുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതിയുടെ ഭരണഘടനാ ബ‍ഞ്ച് തീർപ്പാക്കും വരെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതാണ് ഇതിലും നല്ലത്'. സേനാ നേതാവ് സഞ്ജയ് റാവത്തിന്‍റെ പരിഹാസമാണ്. ഭരണഘടനയിൽ പറയുന്നത് പ്രകാരം 12 മന്ത്രിമാരെങ്കിലും വേണ്ടയിടത്താണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചേർന്ന് ഭരണം നടത്തുന്നത്. ഗവർണർ ഇക്കാര്യത്തിൽ ഇടപെടാത്തതെന്തെന്നും റാവത്ത് ചോദിക്കുന്നു.  

പെരുമഴയിൽ മഹാരാഷ്ട്രയുടെ വിവിധ ജില്ലകൾ പ്രളയക്കെടുതിയിലാണ്. എല്ലാം നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറയുമ്പോഴും ഉദ്യോഗസ്ഥ ഭരണമാണ് നിലവിൽ നടക്കുന്നത്. ഒപ്പമുള്ള എംഎൽഎമാർക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുമോ എന്ന ഭയമാണ് മന്ത്രിസഭാ വികസനം നീട്ടിക്കൊണ്ട് പോവാൻ ഷിൻഡയെ പ്രേരിപ്പിക്കുന്നത്. മന്ത്രിസ്ഥാനം കിട്ടാത്തതിൽ ബിജെപിക്കുള്ളിലും തർക്കമുണ്ടായേക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കാനാണ് ധാരണയെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഈ മാസം 25 ന് നിയമസഭയുടെ മൺസൂൺ സെഷൻ തുടങ്ങും മുൻപ് മന്ത്രിസഭാ വികസനം ഉണ്ടായേക്കും. അതുവരെ തൊടുന്യായങ്ങൾ പറഞ്ഞ് നിലവിലെ സ്ഥിതി തുടരും. 

click me!