
ദില്ലി: ജന്തർ മന്തർ 2.0 സമരം നയിക്കാൻ സിജെപി നേതാക്കൾ രാവിലെ മുംബൈയിൽ നിന്നും ദില്ലിയിലെത്തും. അഭിജീത് ദിപ്കെ, അശുതോഷ് റാങ്ക, സൌരവ് ദാസ് തുടങ്ങിയ നേതാക്കൾ രാവിലെ 10.15ന് ആണ് എത്തുക. വിമാനത്താവളത്തിൽ നിന്നും നേരെ ജന്തർ മന്തറിലേക്ക് പോകാനാണ് തീരുമാനം. എന്നാൽ വിമാനത്താവളത്തിൽ വച്ച് തന്നെ അറസ്റ്റ് ചെയ്തേക്കാം എന്ന് അഭിജീത് ദിപ്കെ പറഞ്ഞു. അറസ്റ്റിനെ ഭയമില്ല. സമാധാനപരമായി സമരം നടത്താനാണ് ആഗ്രഹിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തു നിന്ന് ഗ്യാനേഷ് കുമാർ രാജിവെയ്ക്കാതെ പിൻവാങ്ങില്ലെന്നും ദിപ്കെ വ്യക്തമാക്കി. തനിക്കെതിരെ യുഎപിഎയോ ദേശീയ സുരക്ഷാ നിയമമോ ചുമത്തിയാലും ആവശ്യത്തിൽ നിന്ന് പിൻവാങ്ങില്ല. രാജ്യത്ത് സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കണം എന്നതാണ് ആവശ്യമെന്നും അഭിജീത് ദിപ്കെ വ്യക്തമാക്കി.
ചലോ ജന്തർ മന്തർ എന്ന പോസ്റ്റർ പുറത്തിറക്കിയ സിജെപി, രാവിലെ എല്ലാവരോടും ജന്തർ മന്തറിലേക്ക് എത്താൻ ആഹ്വാനം ചെയ്തു. ദില്ലി പൊലീസാകട്ടെ 57 മെട്രോ സ്റ്റേഷനുകൾ അടച്ചും ന്യൂദില്ലി, നിസാമുദ്ദീൻ എന്നീ റെയിൽവേ സ്റ്റേഷനുകൾ അടച്ചും സമരത്തെ തടയാൻ ശ്രമിക്കുകയാണ്. കർത്തവ്യപഥിൽ ഇന്‍റർനെറ്റ് നിരോധനവും ഏർപ്പെടുത്തി. എന്നാൽ പൂർണമായി ട്രെയിനും മെട്രോയും അടക്കമുള്ള സേവനങ്ങൾ നിർത്തിവയ്ക്കരുതെന്ന് സുപ്രീംകോടതി കേന്ദ്രത്തിന് കർശന നിർദേശം നൽകി. സാഹചര്യമനുസരിച്ച് ജനങ്ങളെ വലയ്ക്കാതെ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയാൽ മതിയെന്ന് കോടതി നിർദ്ദേശിച്ചു.
ഈച്ചയെ കൊല്ലാൻ ചുറ്റിക ആവശ്യമില്ലെന്ന് നിരീക്ഷിച്ച കോടതി, അനുമതി വാങ്ങാതെയുള്ള പ്രതിഷേധം നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി. അതേസമയം പ്രതിഷേധം കൈവിട്ടു പോകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കാൻ സർക്കാരിന് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. നിയന്ത്രണങ്ങൾക്ക് എതിരെ എം എ ബേബി അടക്കമുള്ളവർ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
സമരത്തിനെത്തുന്നവരെ പല സംസ്ഥാനങ്ങളിലും കസ്റ്റഡിയിൽ എടുക്കുകയാണെന്ന് സിജെപിയും ഇടതു സംഘടനകളും വിമർശിച്ചു. ദില്ലി പൊലീസ് 70 കമ്പനി കേന്ദ്രസേനയെ കൂടി സുരക്ഷയ്ക്ക് വിന്യസിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ സ്ഥിതി നിരന്തരം നിരീക്ഷിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam