
റീവ (മധ്യപ്രദേശ്): ആധുനിക സുരക്ഷാ വെല്ലുവിളികളുടെ പ്രവചനാതീതമായ സ്വഭാവത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പേര് പരാമർശിച്ച് ഇന്ത്യൻ സൈനിക മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. തന്‍റെ ജന്മനാടായ റീവയിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈബർ ആക്രമണങ്ങൾ മുതൽ ബഹിരാകാശ യുദ്ധം വരെയുള്ള ഭീഷണികളുടെ സങ്കീർണ്ണവും അതിവേഗം വികസിക്കുന്നതുമായ പുതിയ കാലത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.
ഭാവിയിലെ വെല്ലുവിളികളെ സ്ഥിരതയില്ലായ്മ, അനിശ്ചിതത്വം, സങ്കീർണ്ണത, അവ്യക്തത എന്നിവയാൽ അടയാളപ്പെടുത്തുമെന്നും ടിആർഎസ് കോളേജിലെ വിദ്യാർത്ഥികളോട് സംസാരിക്കവെ ആർമി മേധാവി ഓര്‍മ്മിപ്പിച്ചു. ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നിങ്ങൾക്കും എനിക്കും വ്യക്തമായ ധാരണയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ സായുധ സേന നേരിടുന്ന സുരക്ഷാ വെല്ലുവിളികളുമായി താരതമ്യം ചെയ്തുകൊണ്ടാണ് ജനറൽ ദ്വിവേദി രസകരമായ ഒരു പരാമർശം നടത്തിയത്. "നാളെ എന്താണ് താൻ ചെയ്യുക എന്ന് ട്രംപിന് തന്നെ അറിയില്ല. ട്രംപ് ഇന്ന് എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിന് പോലും അറിയാമെന്ന് എനിക്ക് തോന്നുന്നില്ലെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.
"ഒരു വെല്ലുവിളി പരിഹരിക്കുന്നതിനിടയിൽ തന്നെ അടുത്തത് ഉയർന്നുവരുന്ന രീതിയിൽ വെല്ലുവിളികൾ അതിവേഗം കൂടിവരുന്നു. ഇതാണ് നമ്മുടെ സൈന്യവും നേരിടുന്നത്. അതിർത്തി സംഘർഷങ്ങൾ, തീവ്രവാദം, പ്രകൃതിദുരന്തങ്ങൾ, സൈബർ ഭീഷണികൾ എന്നിവ മുതൽ ബഹിരാകാശ യുദ്ധം, ഉപഗ്രഹങ്ങൾ, രാസ, ജൈവ, റേഡിയോളജിക്കൽ, ഇൻഫർമേഷൻ യുദ്ധങ്ങൾ പോലുള്ള പുതിയ മേഖലകൾ വരെ ഈ വെല്ലുവിളികളിൽ ഉൾപ്പെടുന്നു" അദ്ദേഹം കൂട്ടിച്ചേർത്തു.
മെയ് മാസത്തിൽ നടന്ന 'ഓപ്പറേഷൻ സിന്ദൂർ' സമയത്ത് വ്യാജവാർത്തകൾ വ്യാപകമായിരുന്നു എന്നും, തെറ്റായ വിവരങ്ങളുടെ അളവ് കൂടുതലായിരുന്നതിനാൽ പലപ്പോഴും അത് യഥാർത്ഥമാണെന്ന് തോന്നിയിരുന്നു എന്നും ജനറൽ ദ്വിവേദി ശ്രദ്ധയിൽപ്പെടുത്തി. "ഓപ്പറേഷൻ സിന്ദൂർ സമയത്ത് കറാച്ചി ആക്രമിക്കപ്പെട്ടു എന്ന തരത്തിൽ വരെ അഭ്യൂഹങ്ങൾ പരന്നിരുന്നു. അതിന്‍റെ വലിയൊരു ഭാഗം ഞങ്ങൾക്ക് പോലും യാഥാർത്ഥ്യമായി തോന്നി. അത് എവിടെ നിന്ന് വന്നു, ആരാണ് അതിന് പിന്നിൽ? ഈ വെല്ലുവിളികൾക്കിടയിൽ, നിങ്ങൾ കരയിലും ആകാശത്തും കടലിലും പ്രവർത്തിക്കാൻ സജ്ജരായിരിക്കണം" എന്നും ഇന്ത്യൻ സൈനിക മേധാവി പറഞ്ഞു.