
മുസാഫർനഗർ: മരിച്ചുവെന്ന് ബന്ധുക്കൾ വിധി എഴുതിയ ഒരാൾ മൂന്ന് പതിറ്റാണ്ടിന് ശേഷം തന്‍റെ വീട്ടിലേക്ക് തിരിച്ചെത്തിയ അത്ഭുതത്തിലാണ് ഉത്തർപ്രദേശിലെ ഖതൗലി ഗ്രാമം. മുസാഫർനഗർ ജില്ലയിലെ ഖതൗലി സ്വദേശിയായ ഷരീഫ് ആണ് 28 വർഷത്തെ ഇടവേളയ്ക്ക് ശേഷം തന്റെ ജന്മനാട്ടിൽ എത്തിയത്. എസ്ഐആർ രേഖകൾ ശരിയാക്കുന്നതിനായുള്ള നിബന്ധനകളാണ് മരിച്ചെന്നു കരുതിയ ഇദ്ദേഹത്തെ നാട്ടിലെത്തിച്ചത്. 1997ൽ ആദ്യ ഭാര്യ മരിച്ചതിന് ശേഷം ഷരീഫ് രണ്ടാമത് വിവാഹം കഴിക്കുകയും പശ്ചിമ ബംഗാളിലേക്ക് താമസം മാറുകയും ചെയ്തു. കുറച്ചു കാലം ലാൻഡ്‌ലൈൻ ഫോണുകൾ വഴി ബന്ധമുണ്ടായിരുന്നെങ്കിലും ക്രമേണ ബന്ധം പൂർണ്ണമായും അറ്റുപോയി.
ഷരീഫിനെ കണ്ടെത്താൻ ബന്ധുക്കൾ പശ്ചിമ ബംഗാളിലെ ഖരഗ്പൂർ, അസൻസോൾ എന്നിവിടങ്ങളിൽ 20 വർഷത്തോളം തെരച്ചിൽ നടത്തി. ഒന്നും കണ്ടെത്താനാകാത്തതിനെത്തുടർന്ന് ഷരീഫ് മരിച്ചുവെന്ന് കുടുംബം വിശ്വസിച്ചു. കഴിഞ്ഞ ദിവസമാണ് ഖതൗലിയിലെ മോഹല്ല ബൽക്കാമിലെ വീട്ടിലേക്ക് ഷരീഫ് അപ്രതീക്ഷിതമായി എത്തിയത്. കണ്മുന്നിൽ നിൽക്കുന്നത് തന്‍റെ അമ്മാവനാണെന്ന് വിശ്വസിക്കാൻ ഷരീഫിന്‍റെ അനന്തരവൻ മുഹമ്മദ് അക്ലിമിനും മറ്റ് ബന്ധുക്കൾക്കും ആദ്യം സാധിച്ചില്ല.
താൻ പോയ ഈ 28 വർഷത്തിനിടയിൽ തന്‍റെ അടുത്ത ബന്ധുക്കളിൽ പലരും മരണപ്പെട്ട വിവരം തിരിച്ചെത്തിയ ശേഷമാണ് ഷരീഫ് അറിയുന്നത്. രണ്ടാം വിവാഹത്തിന് ശേഷം പണമില്ലാത്തതിനാലും ബന്ധപ്പെടാനുള്ള സൗകര്യങ്ങളുടെ കുറവ് കാരണവുമാണ് ബന്ധം നഷ്ടപ്പെട്ടതെന്ന് ഷരീഫ് പറഞ്ഞു. സർക്കാർ രേഖകൾ ശരിയാക്കാൻ മാത്രമാണ് താൻ വന്നതെന്നും രേഖകൾ ലഭിച്ചാലുടൻ പശ്ചിമ ബംഗാളിലുള്ള തന്‍റെ ഭാര്യയ്ക്കും മക്കൾക്കും അടുത്തേക്ക് തിരിച്ചുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ആവശ്യമായ രേഖകൾ ശേഖരിച്ച ശേഷം അദ്ദേഹം ബംഗാളിലേക്ക് മടങ്ങിയിട്ടുണ്ട്. വീഡിയോ കോളുകൾ വഴിയും മറ്റും ദൂരെയുള്ള ബന്ധുക്കൾ ഈ അവിശ്വസനീയമായ ഒത്തുചേരലിന് സാക്ഷ്യം വഹിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam