കര്‍ണാടകയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീന് പകരം ഉപയോഗിച്ചത് ബാലറ്റ് പേപ്പറോ? സത്യാവസ്ഥ ഇതാണ്

By Web TeamFirst Published Jun 1, 2019, 9:20 PM IST
Highlights

 'വോട്ടിങ് യന്ത്രത്തില്‍ നിന്നും മാറി ബാലറ്റ് പേപ്പറില്‍ നടന്ന തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയം വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു എന്ന തരത്തില്‍ വ്യാപക പ്രചാരണം

ബെംഗളൂരു:  'വോട്ടിങ് യന്ത്രത്തില്‍ നിന്നും മാറി ബാലറ്റ് പേപ്പറില്‍ നടന്ന തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയം വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു എന്ന തരത്തില്‍ വ്യാപക പ്രചാരണം. കര്‍ണാടകയിലെ തദ്ദേശ സ്വയം ഭരണം സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറാണ് ഉപയോഗിച്ചതെന്ന തരത്തിലാണ് പ്രചാരണം കൊഴുക്കുന്നത്.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടായത്  വോട്ടിങ് മെഷീനുകളെ ഒഴിവാക്കി, ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയതുകൊണ്ടാണെന്നും ചില മാധ്യമങ്ങളിലെ വാര്‍ത്തകളിലും, സോഷ്യല്‍ മീഡിയയിലും വ്യാപകമായ പ്രചാരണം നടക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരിയ ഇടങ്ങളില്‍ തന്നെ കോണ്‍ഗ്രസ് ജയിച്ചതിന് പിന്നിലെ കാരണം ഇതാണെന്നുമാണ് പ്രചാരണം.

എന്നാല്‍ ഇതിന്‍റെ പിന്നിലെ വാസ്തവം മറ്റൊന്നാണ്.  കര്‍ണാടകയിലെ നഗര പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് ഉപോയഗിച്ചത് മുഴുവന്‍ ഇവിഎം മെഷീനുകള്‍ തന്നെയാണ്. സിറ്റി മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷന്‍, ടൗണ്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, താലൂക്ക് പഞ്ചായത്ത് അടക്കം എല്ലാം നഗര പഞ്ചായത്ത് സംവിധാനങ്ങളിലും വിവിപാറ്റ് സംവിധാനമില്ലാതെ ഇവിഎം മെഷീനുകളാണ് ഉപയോഗിച്ചതെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മേയ് 29 നായിരുന്നു കര്‍ണാടകയില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസും ജെഡിഎസും സഖ്യമായാണ് ബിജെപിക്കെതിരെ മത്സരിച്ചത്. ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ 28ല്‍ 25 സീറ്റുകളും നേടി വലിയ വിജയം സ്വന്തമാക്കിയ ബിജെപി ഇവിടെ പിന്നോട്ട് പോയി.

എട്ട് സിറ്റി മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷനുകളിലെ 1361 വാര്‍ഡുകളിലേക്കും 33 ടൗണ്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും 22 താലൂക്ക് പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം കോണ്‍ഗ്രസ് 509 വാര്‍ഡുകളിലും ജെഡിഎസ് 173 സീറ്റുകളിലും ബിജെപി 366 വാര്‍ഡുകളിലുമാണ് വിജയിച്ചത്.

160 സീറ്റുകളില്‍ മറ്റുള്ളവരാണ് വിജയിച്ചത്. സിപിഎം രണ്ട് സീറ്റുകളും, ബിഎസ്പി മൂന്ന് സീറ്റും നേടി. എല്ലാ സിറ്റി മുനിസിപ്പാലിറ്റികളിലും ടൗണ്‍ മുനിസിപ്പാലിറ്റികളിലും കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയപ്പോള്‍ പഞ്ചായത്തുകളില്‍ മാത്രമാണ് ബിജെപി തിളങ്ങിയത്. അതേസമയം ചുരുക്കം ചില പഞ്ചായത്ത് വാര്‍ഡുകളില്‍  മാത്രം ബാലറ്റ് ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്.

click me!