
ഉഡുപ്പി: മുൻപ്രധാനമന്ത്രിയുടെ മരുമകൾ ഭവാനി രേവണ്ണയുടെ ഒന്നരക്കോടി വില വരുന്ന കാർ ബൈക്കുമായി കൂട്ടിയിടിച്ചു. അപകടത്തിന് ശേഷം ഭവാനി ബൈക്ക് യാത്രക്കാരനോട് മോശമായി പെരുമാറിയ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. 'നിനക്ക് മരിക്കണമെങ്കിൽ വല്ല ബസിനും പോയി ഇടിച്ചുകൂടെ എന്തിന് എന്റെ കാറിന് വന്നിടിക്കണം' -ഭവാനി ബൈക്ക് യാത്രികനോട് ചോദിച്ചു. എൻഡിടിവി, ടൈംസ് നൗ തുടങ്ങിയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഉഡുപ്പി സാലിഗ്രാമയിലാണ് അപകടം നടന്നത്. ടൊയോട്ട വെൽഫയർ കാറിലാണ് ഭവാനി സഞ്ചരിച്ചത്. ബൈക്ക് കാറിൽ വന്നിടിക്കുകയായിരുന്നുവെന്നാണ് ഭവാനി പറയുന്നത്. എച്ച് ഡി രേവണ്ണയുടെ ഭാര്യയാണ് ഭവാനി. ഭവാനിക്കെതിരെ സോഷ്യൽമീഡിയയിൽ വ്യാപക വിമർശനമുയർന്നു. അപകടത്തിൽപ്പെട്ട ഒരാളോട് ഇങ്ങനെയാണോ പെരുമാറുകയെന്ന് സോഷ്യൽമീഡിയ ഉപഭോക്താക്കൾ ചോദിച്ചു.