
ചെന്നൈ: കുവൈത്തിൽ നിന്ന് ചെന്നൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരൻ പുകവലിച്ചത് പ്രശ്നങ്ങൾ സൃഷ്ടിച്ചു. വിമാനം ചെന്നൈയിൽ ഇറങ്ങിയ ഉടൻ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിലെ തഞ്ചാവൂർ സ്വദേശിയും കുവൈത്തിൽ ഡ്രൈവറായി ജോലിയുമുള്ള ഷെയ്ഖ് മുഹമ്മദ് (28) ആണ് അറസ്റ്റിലായത്. ഇയാൾ ഇടയ്ക്കിടെ ടോയ്‌ലെറ്റിൽ പോയത് മറ്റു യാത്രക്കാരിൽ സംശയം ജനിപ്പിച്ചു. ടോയ്‌ലെറ്റിൽ നിന്ന് പുകയുടെ ഗന്ധം വന്നപ്പോൾ സഹയാത്രക്കാർ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു.
ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ, വിമാനത്തിനുള്ളിൽ പുകവലിക്കുന്നതിൽ തെറ്റില്ല എന്നാണ് മുഹമ്മദ് വാദിച്ചത്. തുടർന്ന് ജീവനക്കാർ പൈലറ്റിന് വിവരം കൈമാറി. പൈലറ്റ് ഉടൻ തന്നെ ചെന്നൈ എയർ ട്രാഫിക് കൺട്രോളിന് യാത്രക്കാരന്‍റെ മോശം പെരുമാറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി. വിമാനം ലാൻഡ് ചെയ്ത ഉടൻ എമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകൾക്ക് ശേഷം ഇൻഡിഗോ സുരക്ഷാ ജീവനക്കാർ മുഹമ്മദിനെ ചെന്നൈ എയർപോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
ഏതാനും ആഴ്ചകൾക്ക് മുൻപ് ദുബായിൽ നിന്ന് മുംബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിലും സമാനമായ സംഭവം നടന്നിരുന്നു. വിമാനത്തിനുള്ളിൽ ഇ-സിഗരറ്റ് വലിച്ചതിന് മോർട്ടസ റസാഅലി ഖാൻ എന്ന യാത്രക്കാരനെതിരെ കേസ് എടുത്തിരുന്നു. പുകയുടെ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ജീവനക്കാർ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. ഇയാളുടെ ഇ-സിഗരറ്റ് പിടിച്ചെടുക്കുകയും പൈലറ്റിനെ വിവരം അറിയിക്കുകയും ചെയ്തു. വിമാനം ഇറങ്ങിയപ്പോൾ സ്പൈസ് ജെറ്റ് സുരക്ഷാ ജീവനക്കാർ സംഭവം വിമാനത്താവള അധികൃതരെ അറിയിക്കുകയും ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam