പൊടി പച്ചരിയുടെ കയറ്റുമതി നിരോധിച്ചു, ബസുമതി ഒഴികെയുള്ള അരിക്ക് 20 % കയറ്റുമതി ചുങ്കം

By Web TeamFirst Published Sep 9, 2022, 11:12 AM IST
Highlights

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് അരി ഉത്പാദനം ഇത്തവണ കുറയുമെന്ന സാഹചര്യത്തിലാണ് തീരുമാനം.

ദില്ലി: ഭക്ഷ്യക്ഷാമവും വിലക്കയറ്റവും നേരിടാൻ കൂടുതല്‍ നടപടികളുമായി കേന്ദ്രസർക്കാർ.  പൊടി പച്ചരി കയറ്റുമതിക്ക് ഇന്നുമുതല്‍ സർക്കാർ നിരോധനം ഏര്‍പ്പെടുത്തി. ബസുമതി ഒഴികെയുള്ള അരിക്ക് ഏര്‍പ്പെടുത്തിയ 20 ശതമാനം കയറ്റുമതി ചുങ്കവും ഇന്ന് നിലവില്‍ വരും. വിലക്കയറ്റം ഉയർത്തി   പ്രതിപക്ഷം    വിമർശനം  ശക്തമാക്കുന്നതിനിടെയാണ് സർക്കാരിന്‍റെ  നടപടികള്‍.

ബംഗ്ലാദേശ് ഇറക്കുമതി ചുങ്കം  വെട്ടികുറച്ചതോടെ ഇന്ത്യയില്‍ ഒരാഴ്ചക്കുള്ളില്‍ അരി വില അഞ്ച് ശതമാനത്തോളം കൂടിയിരുന്നു. ഇതോടൊപ്പം കഴിഞ്ഞ വ‍ർഷത്തെ അപേക്ഷിച്ച് ഇത്തവണ ഖാരിഫ് സീസണില്‍ അരി ഉത്പാദനം കുറയുമെന്ന റിപ്പോര്‍ട്ട് , യുക്രൈൻ റഷ്യ യുദ്ധം  ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്രസർക്കാരിന്‍റെ വിപണിയിലെ നടപടികള്‍. പൊടി പച്ചരിയുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം ഇന്ന് നിലവില്‍ വരും. എന്നാല്‍ നേരത്തെ കരാർ ആക്കിയവർക്ക് സെപ്റ്റംബർ പതിന‌ഞ്ച് വരെ കയറ്റുമതി നടത്താന്‍ ഇളവുണ്ട്. നിയന്ത്രണം ഇന്ത്യയില്‍ അരി ലഭ്യതയുടെ വര്‍ധിപ്പിക്കും. എന്നാല്‍ പൊടി പച്ചരിയെ ആശ്രയിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ്. 

ഗോതമ്പ്, പഞ്ചസാര എന്നിവയുടെ കയറ്റുമതിക്ക് നിയന്ത്രണം കൊണ്ടുവന്നതിന് പിന്നാലെ ബസുമതി ഒഴികെയുള്ള അരിക്ക് ഇരുപത് ശതമാനം കയറ്റുമതി ചുങ്കവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ മഴ കുറഞ്ഞതും തുടർച്ചയായുള്ള ഉഷ്ണതരംഗവുമാണ് ഇത്തവണ അരി ഉത്പാദനം കുറയുന്നതിനുള്ള കാരണം. ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഭാവിയില്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് രാജ്യത്ത് പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്ക കേന്ദ്രത്തിനുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും ആയുധമാക്കി വിർമശനം ശക്തിപ്പെടുത്തുന്നതും  സർക്കാരിന് സമ്മർദ്ദമാണ്. 

ചൈന കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കയറ്റുമതി നിയന്ത്രണം വരുന്നതോടെ ആഗോള വിപണിയിലേക്ക് അരി വാങ്ങുന്ന കമ്പനികള്‍ തായ്‍ലന്‍റ്, വിയറ്റനാം രാജ്യങ്ങളെയാകും കുടുതലായി ആശ്രയിക്കുക.
 

click me!