പശ്ചിമേഷ്യൻ സംഘർഷം: വിദേശകാര്യമന്ത്രിയുടെ പ്രസ്താവന രാജ്യസഭയിൽ; പ്രസ്താവന പോര, ചർച്ച വേണമെന്ന് പ്രതിപക്ഷം, ഇരു സഭകളിലും ബഹളം

Published : Mar 09, 2026, 11:42 AM ISTUpdated : Mar 09, 2026, 12:45 PM IST
 Rajya Sabha

Synopsis

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കറിൻ്റെ പ്രസ്താവന രാജ്യസഭയിൽ. പ്രസ്താവനയ്ക്കിടെ രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങി പോയി.

ദില്ലി: പശ്ചിമേഷ്യന്‍ സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഇന്ത്യ. യുദ്ധം ആശങ്കപ്പെടുത്തുന്നുവെന്നും ദേശീയ താല്‍പര്യം മുന്‍ നിര്‍ത്തി ഊര്‍ജ്ജ സംഭരണമടക്കം ഉറപ്പ് വരുത്തുമെന്നും പാര്‍ലമെന്‍റില്‍ നടത്തിയ പ്രസ്താവനയില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. ഇറാന്‍ ഉന്നത നേതൃത്വുമായുള്ള ചര്‍ച്ച ഇപ്പോള്‍ സാധ്യമല്ലെന്നും ശ്രമം തുടരുമെന്നും ആയത്തുള്ള അലി ഖമനേയിയുടെ വധം പരാമര്‍ശിക്കാതെ നടത്തിയ പ്രസ്താവനയില്‍ ജയശങ്കര്‍ വിശദീകരിച്ചു. ചര്‍ച്ചയാണ് വേണ്ടതെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം ജയശങ്കറിന്‍റെ പ്രസ്താവനക്കിടെ ഇറങ്ങിപ്പോയി.

സംഘര്‍ഷം തുടങ്ങിയ ദിനം മുതല്‍ പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ സാധ്യമായ എല്ലാ ഇടപെടലും ഇന്ത്യ സ്വീകരിച്ചെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാര്‍ലമെന്‍റില്‍ വിശദീകരിച്ചത്. പ്രസ്താവനയിലൂടെ ആദ്യം ആശങ്കയറിയിച്ചു. ഒരു കോടി ഇന്ത്യക്കാരാണ് ഗള്‍ഫ് മേഖലയിലുള്ളത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലുള്ളവര്‍ക്കും അവിടേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ യോഗം ചേര്‍ന്നും മാര്‍ഗ നിർദേശങ്ങള്‍ നല്‍കി. രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി നേരിട്ട് സംസാരിച്ച് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തി.

വിദ്യാർത്ഥികളെയടക്കം ഒഴിപ്പിക്കാനായി. കൂടുതല്‍ പേരെ തിരിച്ചെത്തിക്കാന്‍ ടെഹ്റാന്‍ എംബസി പൂര്‍ണസജ്ജമാണ്. പശ്ചിമേഷ്യന്‍ തീരത്തുണ്ടായ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ നാവികര്‍ മരിച്ചു. കാണാതായ ഒരാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധന സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുന്നു. വിതരണ ശൃംഖലയിലെ തടസം മേഖലയിലാകെ അസ്ഥിരതയുണ്ടാക്കുന്നു. രാജ്യ താല്‍പര്യം മുന്‍നിര്‍ത്തി വില വര്‍ധന തിരിച്ചടിയാകാതെ ഇന്ധന സംഭരണം നടത്തുമെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.

ഇറാന്‍ കപ്പലിന് അഭയം നല്‍കിയതില്‍ ഇറാന്‍ വിദേശകാര്യമന്ത്രി നന്ദി അറിയിച്ചു. ഇറാന്‍റെ ഉന്നതതല നേതൃത്വവുമായി ചര്‍ച്ചക്ക് ശ്രമിച്ചു. എന്നാല്‍, ഇപ്പോള്‍ പ്രയാസമാണെന്നും ശ്രമം തുടരുമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.മന്ത്രിയുടെ പ്രസ്താവനയിലുടനീളം ലോക് സഭയിലും രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചു. ഇന്ത്യയുടെ ഊര്‍ജ്ജ ലഭ്യതയുടെ തല്‍സ്ഥിതി വിവരം രാജ്യത്തിന് അറിയണം. പാചകവാതക വിലയടക്കം കുതിക്കുന്നു. നാവികരല്ലാതെ ഇന്ത്യക്കാര്‍ മരിച്ചിട്ടുണ്ടോ? ഇന്ത്യക്കാരുടെ ഇപ്പോഴത്തെ സ്ഥിതിയെന്ത്? പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങളില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും ബഹളത്തില്‍ മുങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'രാഷ്ട്രപതി ദ്രൗപതി മുർമു നിൽക്കുന്നു, നിങ്ങളും അദ്വാനിയും ഇരിക്കുന്നു, ഇതാണോ നിങ്ങളുടെ ബഹുമാനം'; മോദിക്ക് മറുപടിയുമായി മമത
ഭര്‍ത്താവ് മരിച്ച് ഇരുപതാം ദിവസം മറ്റൊരാളുമായി വിവാഹം, നാട്ടുകാരുടെ സംശയം ശരിയായി, ഭാര്യയോടൊപ്പം കാമുകനും കുടുങ്ങി