
ചെന്നൈ: തമിഴ്നാട്ടിൽ വമ്പൻ മുന്നേറ്റം നടത്തിയ ടിവികെ, സർക്കാർ രൂപീകരിക്കാനുള്ള പിന്തുണ തേടി കോൺഗ്രസ്, ഇടത് കക്ഷികളെ സമീപിച്ചതിനിടെ, അണ്ണാ ഡിഎംകെയിൽ അതൃപ്തി പുകയുന്നു. നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെയ്ക്ക് പാർട്ടി പിന്തുണ നൽകണമെന്ന് ഒരു വിഭാഗം അണ്ണാ ഡിഎംകെ എംഎൽഎമാർ. ടിവികെയെ പിന്തുണയ്ക്കാത്തതിൽ അതൃപ്തരായ എംഎൽഎമാർ, മുതിർന്ന നേതാവ് സി വി ഷൺമുഖവുമായി ചെന്നൈയിലെ ഓഫീസിൽവെച്ച് കൂടിക്കാഴ്ച നടത്തും.
ടിവികെയ്ക്ക് പാർട്ടി പിന്തുണ നൽകണമെന്നാണ് ഒരു വിഭാഗം അണ്ണാ ഡിഎംകെ എംഎൽഎമാരുടെ ആവശ്യം. ഇവർക്ക് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തോടും അസംതൃപ്തിയുണ്ടെന്ന റിപ്പോർട്ടുണ്ട്.
സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 234ൽ 47 സീറ്റുകളിലാണ് അണ്ണാ ഡിഎംകെ വിജയിച്ചത്. അതേസമയം ടിവികെ ആകട്ടെ, 108 സീറ്റുകൾ പിടിച്ചാണ് അപ്രതീക്ഷിത മുന്നേറ്റം നടത്തിയത്. സർക്കാർ രൂപീകരണത്തിന് 118 സീറ്റുകൾ ആവശ്യമായതിനാൽ 10 എംഎൽഎമാരുടെ പിന്തുണ കൂടി ടിവികെയ്ക്ക് ആവശ്യമുണ്ട്. ഇതോടെ ആണ് കോൺഗ്രസ്, ഇടത് കക്ഷികളെ ടിവികെ നേതൃത്വം സമീപിച്ചത്. സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കാൻ ടിവികെ അധ്യക്ഷൻ വിജയ്, ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറിൽനിന്ന് കൂടുതൽ സമയം തേടിയിട്ടുണ്ട്.
അതിനിടെ, കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ നൽകിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായതിനിടെ, കോൺഗ്രസ് പിന്നിൽനിന്ന് കുത്തിയെന്ന ആക്ഷേപവുമായി ഡിഎംകെ രംഗത്തെത്തി. ഭരണകക്ഷിയായിരുന്ന ഡിഎംകെയ്ക്ക് കനത്ത തിരിച്ചടി നൽകിയാണ് ടിവികെ മുന്നേറ്റം നടത്തിയത്. സീറ്റെണ്ണം 59 ആയി കുറഞ്ഞതിനു പുറമേ, മുഖ്യമന്ത്രിയായിരുന്ന എംകെ സ്റ്റാലിൻ അടക്കം മുതിർന്ന നേതാക്കൾ പരായജയം രുചിച്ചത് പാർട്ടിക്ക് ഇരട്ടപ്രഹരമായി. തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി എംകെ സ്റ്റാലിനും മന്ത്രിമാരും സമർപ്പിച്ച രാജിക്കത്തുകൾ ഗവർണർ അംഗീകരിച്ചു. പുതിയ സർക്കാർ അധികാരമേറുംവരെ സ്റ്റാലിനോട് കാവൽ മുഖ്യമന്ത്രിയായി തുടരണമെന്ന് ഗവർണർ അഭ്യർഥിച്ചിട്ടുണ്ട്.
തമിഴ്നാട്ടിൽ ഡിഎംകെയുമായി ചേർന്ന് മത്സരിച്ച കോൺഗ്രസ് അഞ്ച് സീറ്റുകളിലാണ് വിജയിച്ചത്. കൂടാതെ, സഖ്യത്തിൽ ഉണ്ടായിരുന്ന സിപിഐഎമ്മും സിപിഐയും രണ്ടുവീതം സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. സഖ്യത്തിലെ മറ്റ് കക്ഷിയായ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗും രണ്ട് സീറ്റുകളിൽ വിജയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam