
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസിന് ആശ്വാസമായി ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ. ബാഗൽകോട്ട്, ദാവൻഗെരെ സൗത്ത് എന്നീ രണ്ട് സീറ്റുകളും കോൺഗ്രസ് നിലനിർത്തി. രാഷ്ട്രീയത്തിൽ പുതുമുഖവും മുൻ എംഎൽഎ എച്ച് വൈ മേട്ടിയുടെ മകനുമായ ഉമേഷ് മേട്ടിയാണ് ബാഗൽകോട്ടിൽ ജയിച്ചത്. പിതാവ് എച്ച് വൈ മേട്ടിയുടെ മരണത്തെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. ബിജെപി സ്ഥാനാർത്ഥിയും മൂന്ന് തവണ എംഎൽഎയുമായ വീരണ്ണ ചരന്തിമത്തിനെതിരെ 21,866 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമേഷ് വിജയിച്ചത്. അതേസമയം, ദാവണഗെരെ സൗത്ത് സീറ്റ് കോൺഗ്രസ് 5,703 വോട്ടുകൾക്ക് നിലനിർത്തി.
സമർഥ് ഷാമണൂർ മല്ലികാർജുന് 68,578 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപിയുടെ ശ്രീനിവാസ് ടി ദാസകരിയപ്പയ്ക്ക് 63870 വോട്ടുകളും എസ്ഡിപിഐ സ്ഥാനാർത്ഥിക്ക് 18975 വോട്ടുകളും ലഭിച്ചു. ഷാമണൂർ ശിവശങ്കരപ്പയുടെ മരണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. എസ്ഡിപിഐയുടെ വോട്ട് വർധിച്ചതാണ് കോൺഗ്രസിന് തിരിച്ചടിയായത്. ഒരുഘട്ടത്തിൽ ബിജെപി മുന്നിലായിരുന്നു. മണ്ഡലത്തിൽ മുസ്ലിം സ്ഥാനാർഥി വേണമെന്ന് കോൺഗ്രസിലെ നേതാക്കൾ തന്നെ ആവശ്യമുയർത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam