
ദില്ലി: ഉത്തർപ്രദേശിലെ നോയിഡയിൽ തെരുവിലിറങ്ങി തൊഴിലാളികൾ. ശമ്പള വർധനവും എട്ട് മണിക്കൂർ ജോലി സമയം നടപ്പാക്കലും ആവശ്യപ്പെട്ടാണ് നൂറുകണക്കിന് തൊഴിലാളികൾ തെരുവിൽ ഇറങ്ങിയത്. പ്രതിഷേധക്കാർ കാറുകൾ കത്തിക്കുകയും പ്രധാന റോഡുകളിലെ ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. ഫാക്ടറി തൊഴിലാളികൾ സായുധ പോലീസുമായി ഏറ്റുമുട്ടി. മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് വ്യവസായ തൊഴിലാളികൾ തിങ്കളാഴ്ച രാവിലെ തെരുവിലിറങ്ങിയതോടെയാണ് പ്രക്ഷോഭമുണ്ടായത്. നിരവധി വ്യാവസായിക യൂണിറ്റുകൾ സ്ഥിതി ചെയ്യുന്ന ഫേസ് 2-ൽ ചില തൊഴിലാളികൾ പൊലീസ് വാൻ ഉൾപ്പെടെയുള്ള കാറുകൾ തകർക്കുകയും കെട്ടിടങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്തതോടെ പ്രതിഷേധം അക്രമാസക്തമായി.
നിലവിലുള്ള ശമ്പളം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. ഹരിയാന സർക്കാർ മിനിമം വേതനം നടപ്പാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് നോയിഡയിലെ തൊഴിലാളികൾ വേതനം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. തൊഴിലാളികളിൽ ഭൂരിഭാഗവും പ്രതിമാസം 15,000 രൂപയിൽ താഴെ വരുമാനം മാത്രമാണ് ലഭിക്കുന്നതെന്നും ഈ തുക കൊണ്ട് എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്നും ചോദിച്ചു. ദിവസവും 12 മണിക്കൂർ ജോലി ചെയ്യേണ്ടിവരുന്നുണ്ടെന്നും എട്ട് മണിക്കൂർ ഷിഫ്റ്റ് നിർബന്ധമായും നടപ്പാക്കണമെന്നും തൊളിലാളികൾ പറഞ്ഞു.
ഓവർടൈം ജോലിക്ക് മിക്ക കമ്പനികളും പണം നൽകുന്നില്ല. പ്രതിമാസം 20,000 രൂപ മിനിമം വേതനം വേണം. ശരിയായ സമയത്ത് ഭക്ഷണം നൽകുന്നില്ലെന്നും സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലെന്നും തൊഴിലാളികൾ പറഞ്ഞു. ഓരോ തൊഴിലാളിക്കും ഒരു ദിവസം കുറഞ്ഞത് 800 രൂപ ലഭിക്കണം. ഇപ്പോൾ, 300-400 രൂപയേ ലഭിക്കുന്നുള്ളൂ. പാചക വാതകം മുതൽ മുറി വാടക, സ്കൂൾ ഫീസ് വരെ എല്ലാം ചെലവേറിയതായി മാറുകയാണ്. പക്ഷേ ഞങ്ങളുടെ ശമ്പളം വർദ്ധിക്കുന്നില്ല. പ്രതിമാസം 13,000 രൂപ കൊണ്ട് ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും ഇവർ ചോദിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരെ പ്രതിഷേധ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും എല്ലാ സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും നോയിഡ പൊലീസ് അറിയിച്ചു.
തൊഴിലാളികളുമായി സംസാരിക്കുകയും സംയമനം പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. എല്ലാ തൊഴിലാളിക്കും മാന്യമായ ശമ്പളവും സുരക്ഷിതമായ ജോലി അന്തരീക്ഷവും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കണമെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞു. തൊഴിൽ നിയമങ്ങൾ പാലിക്കാനും തൊഴിലാളികൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും അദ്ദേഹം വ്യവസായ യൂണിറ്റുകളോട് ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam