
നാസിക്: നാസിക്കിലെ ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS) ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന മതപരിവർത്തന, ലൈംഗിക പീഡന ആരോപണങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ ഒരു 'തിരക്കഥ' എന്ന് പ്രതികളുടെ ബന്ധുക്കൾ. കേസിൽ അറസ്റ്റിലായ റാസ റഫീക് മേമൻ്റെയും തൗസീഫ് അത്തറിൻ്റെയും ബന്ധുക്കളാണ് ആരോപണവുമായി രംഗത്ത് വന്നത്. കേസിന് പിന്നിൽ ബജ്റംഗ് ദൾ എന്നും ഇവർ ആരോപിക്കുന്നു.
പരാതിക്കാരിയും ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് റസാഖ് ഖാസി ആരോപിക്കുന്നു. പരാതിക്കാരിയുടെ കുടുംബമാണ് ബജ്റംഗ് ദളിനെ ഇതിലേക്ക് കൊണ്ടുവന്നത്. ആദ്യം പിടിയിലായ ഒരാളെ അന്വേഷണത്തിന് പിന്നാലെ വിട്ടയച്ചെങ്കിലും പിന്നീട് വീണ്ടും അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേസിലെ മറ്റൊരു പ്രതി തൗസീഫ് അത്തറിൻ്റെ പിതാവ് ബിലാൽ ഫകീർ മുഹമ്മദ് അത്തറും കേസ് കെട്ടിച്ചമച്ചതെന്ന് ആരോപിച്ചു. 'തങ്ങൾ നല്ല വിദ്യാഭ്യാസമുള്ളവരാണ്. ഞാനും മകനും ബിരുദധാരികളാണ്. ഞങ്ങളുടെ കുടുംബാംഗങ്ങളെല്ലാം നല്ല വിദ്യാഭ്യാസമുള്ളവരാണ്. സംഭവിക്കുന്നതെല്ലാം തെറ്റാണ്. തൻ്റെ മകൻ്റെയോ മറ്റാരുടെയെങ്കിലുമോ തെറ്റല്ല. ഇതെല്ലാം കെട്ടിച്ചമച്ച ആരോപണങ്ങളും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയും അനുസരിച്ചുള്ളതാണ്. അവർക്കെതിരായ ആരോപണങ്ങളെല്ലാം തെറ്റാണ്,' - അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടിസിഎസ് ബിപിഒ യൂണിറ്റിലെ വനിതാ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒൻപക് കേസുകളാണ് രജിസ്റ്റർ ചെയ്തത്. എട്ട് വനിതാ ജീവനക്കാർ സഹപ്രവർത്തകർക്കെതിരെ ലൈംഗിക പീഡനം, മതപരമായ വിവേചനം, മതപരിവർത്തനത്തിന് നിർബന്ധിക്കൽ എന്നീ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇതിനകം ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് കരുതുന്ന എച്ച്ആർ ഉദ്യോഗസ്ഥ നിദ ഖാൻ ഒളിവിലാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളെ ലക്ഷ്യമിട്ട് അവർക്ക് ബുർഖ ധരിക്കാൻ പരിശീലനം നൽകുകയും, മതപരമായ കാര്യങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിക്കാരുടെ ആരോപണം. എന്നാൽ താൻ ഗർഭിണിയാണെന്നും തനിക്ക് കോടതിയിൽ നിന്ന് ഇളവ് വേണമെന്നും ആവശ്യപ്പെട്ട് നിദ ഖാൻ കോടതിയെ സമീപിച്ചിട്ടുണ്ട്.
സംഭവം വിവാദമായതോടെ മഹാരാഷ്ട്ര പോലീസ് ഒരു പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു. ഡിജിറ്റൽ തെളിവുകളും വാട്സാപ്പ് ചാറ്റുകളും പോലീസ് പരിശോധിച്ചു വരികയാണ്. വിഷയം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് ടിസിഎസ് വ്യക്തമാക്കി. കുറ്റാരോപിതരായ ജീവനക്കാരെ കമ്പനി സസ്പെൻഡ് ചെയ്‌തു. ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ജോലിസ്ഥലത്തെ സുരക്ഷ ഉറപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ടിസിഎസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam