'ആൾക്കൂട്ടം അച്ഛനെ ക്രൂരമായി മർദിച്ചു, യൂണിഫോം മുഴുവൻ രക്തം, സഹിക്കാനായില്ല'; സിജെപി പ്രതിഷേധത്തിനിടെ പരിക്കേറ്റ പൊലീസുകാരുടെ കുടുംബാംഗങ്ങൾ രംഗത്ത്

Published : Jul 31, 2026, 01:28 PM IST
Delhi Police Attacked

Synopsis

ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിനിടെ പരിക്കേറ്റ പൊലീസുകാരുടെ കുടുംബാംഗങ്ങൾ രംഗത്ത്. ഭാര്യമാരും കുടുംബാംഗങ്ങളുമടക്കമാണ് വാർത്താസമ്മേളനം വിളിച്ച് രംഗത്തെത്തിയത്. ക്രൂരമായ ആക്രമണം നേരിട്ടതായി അവർ പറഞ്ഞു.

ദില്ലി: ജന്തർ മന്തറിലെ കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധത്തിനിടെ പരിക്കേറ്റ ദില്ലി പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ വാർത്താസമ്മേളനം വിളിച്ച് രംഗത്ത്. തങ്ങളുടെ ഉറ്റവർ ഡ്യൂട്ടി മാത്രമാണ് ചെയ്തതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഉദ്യോഗസ്ഥരുടെ മക്കളും ഭാര്യമാരും ഉൾപ്പെടെ ആണ് മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്. ദില്ലി പൊലീസ് സബ് ഇൻസ്പെക്ടറായ തൻ്റെ പിതാവിനെ ആൾക്കൂട്ടം ആക്രമിച്ചുവെന്ന് വാർത്താസമ്മേളനത്തിൽ സംസാരിച്ച മകൾ പറഞ്ഞു. പരിക്കേറ്റ് ഭർത്താവ് വീട്ടിലേക്ക് മടങ്ങിവന്നത് തനിക്കും രണ്ട് വയസ്സുള്ള മകൾക്കും വളരെ വേദനയും ആഘാതവുമുണ്ടാക്കിയെന്ന് ദില്ലി പൊലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ ഭാര്യ പറഞ്ഞു.

"ജൂലൈ 20ന് രാത്രി വൈകി പരിക്കേറ്റ ആ അവസ്ഥയിൽ അദ്ദേഹം വീട്ടിലേക്ക് വന്നപ്പോൾ, എനിക്കും എന്റെ രണ്ട് വയസ്സുകാരി മകൾക്കും അത് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. വലിയ വേദനയും മാനസികാഘാതവുമാണ് ആ കാഴ്ച്ചയുണ്ടാക്കിയത്. പരിക്കേറ്റ മറ്റ് ദില്ലി പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും എനിക്കൊപ്പമുണ്ട്. ഞങ്ങളുടെ ദുരനുഭവം നിങ്ങളുമായി പങ്കുവെക്കാനാണ് ആഗ്രഹിക്കുന്നത്"- അസിസ്റ്റന്റ് കമ്മീഷണറുടെ ഭാര്യ പറഞ്ഞു.

ജന്തർ മന്തറിലെ സ്റ്റേജിന് സമീപം വെച്ച് ആൾക്കൂട്ടം അച്ഛനെ ആക്രമിക്കുകയായിരുന്നുവെന്ന് സബ് ഇൻസ്പെക്ടറുടെ മകൾ പറഞ്ഞു. പൊലീസിൽ ചേരുന്നതിന് മുൻപ് അച്ഛൻ ഇന്ത്യൻ നേവിയിൽ മറൈൻ കമാൻഡോ ആയിരുന്നു. 15 വർഷമാണ് അദ്ദേഹം നേവിയിൽ സേവനം അനുഷ്ഠിച്ചത്. സമരമുഖത്ത് മുൻനിരയിൽത്തന്നെയായിരുന്നു അച്ഛൻ. ബാരിക്കേഡുകൾക്ക് സമീപം വലിയ ആൾക്കൂട്ടമുള്ള സ്ഥലത്തായിരുന്നു ഡ്യൂട്ടി. ജന്തർ മന്തറിലേത് വിദ്യാർത്ഥി സമരമായി തോന്നുന്നില്ലെന്നും ഒരുപാട് സാമൂഹ്യവിരുദ്ധർ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും അച്ഛൻ പറയുമായിരുന്നുവെന്നും മകൾ പറഞ്ഞു.

തൊട്ടടുത്ത ദിവസം, 25-ാം തീയതി ജന്തർ മന്തറിലെ സ്റ്റേജിന് സമീപത്തുവെച്ച് അക്രമാസക്തമായ ആൾക്കൂട്ടം അച്ഛനെ പിടിച്ചുവലിച്ച് ക്രൂരമായി മർദിച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം നടന്നത്. അതിനുശേഷം ഏകദേശം നാല് മണിക്കൂറോളം അച്ഛൻ ആശുപത്രിയിൽ അബോധാവസ്ഥയിലായിരുന്നു. രാത്രി 10 മണിയോടെ സഹപ്രവർത്തകരാണ് അച്ഛനെ വീട്ടിലെത്തിച്ചത്. യൂണിഫോം മുഴുവൻ രക്തത്തിൽ കുതിർന്നിരുന്നു. ആ അവസ്ഥയിൽ അച്ഛനെ കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ലെന്നും മകൾ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ തന്റെ അച്ഛനെ ഒരു ക്രിമിനലായി ചിത്രീകരിക്കുന്ന പോസ്റ്റുകൾ കണ്ടപ്പോൾ വലിയ വിഷമമായെന്നും മകൾ പറഞ്ഞു.

അച്ഛനെ ആക്രമിച്ചവർ അവരുടെ കുറ്റങ്ങൾ മറച്ചുവെക്കാൻ സുപ്രീംകോടതിയെ സമീപിക്കുകയാണ്. അച്ഛനും മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കും എതിരെ പരാതി നൽകുകയാണെന്ന് തൊട്ടടുത്ത ദിവസം അറിഞ്ഞു. അത് കേട്ടപ്പോൾ വലിയ വിഷമം തോന്നി. അച്ഛന് നീതി കിട്ടാൻ ശ്രമിക്കണമെന്ന് തീരുമാനിച്ചു. അതിനായി സുപ്രീംകോടതി സമീപിക്കുമെന്നും മകൾ അറിയിച്ചു.

ഇതൊരു വിദ്യാർത്ഥി സമരമായിരുന്നില്ലെന്നും കുഴപ്പക്കാരായ ചിലർ സമരം അട്ടിമറിക്കുകയായിരുന്നുവെന്നും പരിക്കേറ്റ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബാംഗം ആരോപിച്ചു. വിദ്യാർത്ഥികളെ രേഖകൾ പരിശോധിച്ചു വെറുതെ വിടണമെന്നും അക്രമം നടത്തിയ സാമൂഹ്യവിരുദ്ധരെ വെറുതെ വിടരുതെന്നും തക്കതായ ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടിൽ കാലെടുത്ത് വച്ചത് മുതൽ പ്രശ്നങ്ങളെന്ന് അധിക്ഷേപം, അമ്മായിയച്ഛന്‍റെ മരണത്തിൽ കുറ്റപ്പെടുത്തൽ; അധ്യാപിക ജീവനൊടുക്കി
എക്സിലെ ബയോയിൽനിന്ന് 'ബിജെപി' ഒഴിവാക്കി, ഷെഹ്സാദ് പൂനവാല പാർട്ടി വിട്ടു? ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യം