
സോനിപ്പത്ത്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ചു. വീണ്ടും വിവാഹിതയായ ഭാര്യയുടെ ആദ്യ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടാണ് യുവാവിനെ ആക്രമിച്ചത്. കൈകാലുകൾ ഒടിഞ്ഞ നിലയിൽ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ഇയാൾക്കെതിരെ ആക്രമണം നടന്നത്. കുണാൽ എന്ന യുവാവ് 2024 ജൂൺ 26-നാണ് തന്‍റെ കാമുകിയായിരുന്ന കോമൾ ഗോസ്വാമിയെ (21) വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം ചെയ്തത്. എന്നാൽ, വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്കുള്ളിൽ കോമൾ കുണാലിനെ ഉപേക്ഷിച്ച് മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ പോയിരുന്നു.
"വിവാഹശേഷം അവർ (കോമളിന്‍റെ മാതാപിതാക്കൾ) എന്നോട് വഴക്കിട്ടു. മുത്തശ്ശിയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് കോമളിനെ അവർ തിരികെ വിളിച്ചു," ആശുപത്രി കിടക്കയിൽ നിന്ന് സംസാരിക്കവേ കുണാൽ പറഞ്ഞു. ഇതിനുപിന്നാലെ, കോമൾ കുണാലിനെതിരെ ഗാർഹിക പീഡനത്തിന് കേസ് ഫയൽ ചെയ്യുകയും പ്രതിമാസം 30,000 രൂപ ജീവനാംശം ആവശ്യപ്പെടുകയും ചെയ്തു. ഇത് കുണാലിന്‍റെ പ്രതിമാസ ശമ്പളമായ 12,000 രൂപയേക്കാൾ വളരെ കൂടുതലാണ്. അധികം വൈകാതെ കോമളിന്‍റെ കുടുംബം ഉത്തർപ്രദേശിലെ ഷാംലിയിലുള്ള മറ്റൊരു പുരുഷനുമായി അവരുടെ വിവാഹം ഉറപ്പിച്ചതായി കുണാൽ അറിഞ്ഞു.
പുതിയ ബന്ധുക്കൾ കുണാലുമായുള്ള ആദ്യ വിവാഹചിത്രങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചതിനെ തുടർന്ന്, സോഷ്യൽ മീഡിയയിൽ നിന്ന് ആ ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന് കോമളിന്‍റെ കുടുംബം കുണാലിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ സെപ്റ്റംബര്‍ 24ന് കുണാൽ തന്‍റെ അച്ഛനോടൊപ്പം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കുകളിലെത്തിയ സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. "ഇൻസ്റ്റാഗ്രാമിൽ നിന്ന് ചിത്രങ്ങൾ ഡിലീറ്റ് ചെയ്യണമെന്ന് കോമളിന്റെ അച്ഛൻ എന്നോട് ആവശ്യപ്പെട്ടു.
വിവാഹബന്ധം വേർപെടുത്താതെ എങ്ങനെ കോമളിനെ മറ്റൊരു വിവാഹം കഴിപ്പിച്ചുവെന്ന് ഞാൻ തിരിച്ചു ചോദിച്ചു," കുണാൽ പറഞ്ഞു. നിയമപരമായി കുണാലും കോമളും ഇപ്പോഴും ഭാര്യാഭർത്താക്കന്മാരാണ്. കേസ് കോടതിയുടെ പരിഗണനയിലാണ്, അടുത്ത വാദം ഒക്ടോബർ 25-ന് നടക്കും. കുണാലിന്‍റെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കോമളിന്‍റെ അച്ഛൻ, അമ്മാവൻ, കുറ്റകൃത്യത്തിൽ പങ്കെടുത്ത മറ്റുള്ളവർ എന്നിവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam