ബസുകളിൽ ഡ്രൈവർമാരുടെ കൺമുന്നിൽ ഇനി കുടുംബ ഫോട്ടോ വേണം; അല്ലെങ്കിൽ പെർമിറ്റ് നൽകില്ലെന്ന് യുപി ഗതാഗത വകുപ്പ്

Published : Apr 17, 2024, 10:38 PM IST
ബസുകളിൽ ഡ്രൈവർമാരുടെ കൺമുന്നിൽ ഇനി കുടുംബ ഫോട്ടോ വേണം; അല്ലെങ്കിൽ പെർമിറ്റ് നൽകില്ലെന്ന് യുപി ഗതാഗത വകുപ്പ്

Synopsis

'പതുക്കെ പോകൂ, വീട്ടിൽ കുടുംബം കാത്തിരിക്കുന്നു' എന്ന സന്ദേശത്തോടെയുള്ള കാമ്പയിനാണ് ഗതാഗത വകുപ്പ് റോഡ് സുരക്ഷാ വിഭാഗം നടപ്പാക്കുന്നത്.

ലക്നൗ: വാഹനം ഓടിക്കുമ്പോൾ വീടിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ ഓ‍ർമ വന്നാൽ സുരക്ഷ വർദ്ധിക്കുമോ? വർദ്ധിക്കുമെന്നാണ് ഉത്തർപ്രദേശിലെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. ഒരു പടികൂടി കടന്ന് സംസ്ഥാനത്തെ ബസുകളിൽ ഡ്രൈവർമാരുടെ കുടുംബ ചിത്രം വെയ്ക്കണമെന്ന നി‍ർദേശവും നൽകിക്കഴിഞ്ഞു. യു.പി സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകളിലാണ് ഡ്രൈവർ ക്യാബിനുകളിൽ കുടുംബ ഫോട്ടോ നിർബന്ധമാക്കിയിരിക്കുന്നത്. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങും നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് നടപടി.

മനുഷ്യ ജീവനുകളുടെ വില എപ്പോഴും ഓർമിപ്പിക്കാൻ വേണ്ടിയാണ് 'പതുക്കെ പോകൂ, വീട്ടിൽ കുടുംബം കാത്തിരിക്കുന്നു' എന്ന സന്ദേശത്തോടെയുള്ള കാമ്പയിനെന്നാണ് അധികൃതരുടെ നിലപാട്. റോഡ് അപകടങ്ങളിൽ ജീവൻ നഷ്ടമാവുന്നവരുടെ കുടുംബാംഗങ്ങളുടെ മനോനിലയും അവർക്കുണ്ടാകുന്ന ആഘാതവും മനസിലാക്കണമെന്നും അധികൃതർ ഉപദേശിക്കുന്നു. ഇതിലൂടെ റോഡ് അപകട മരണങ്ങളിൽ 4.7 ശതമാനത്തിന്റെ കുറവാണ് പ്രതീക്ഷിക്കുന്നത്.

നിർദേശം അനുസരിച്ചുള്ള നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തെ എല്ലാ ആർ.ടി.ഒമാർക്കും എ.ആർ.ടി.ഒമാർക്കും ട്രാൻസ്പോർട്ട് കമ്മീഷണർ സി.ബി സിങ് സർക്കുലർ നൽകി. ആന്ധ്രാപ്രദേശിൽ നടപ്പാക്കിയ പദ്ധതി വിജയമാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത് ഉത്തർപ്രദേശിലേക്കും കൊണ്ടുവന്നതെന്ന് റോഡ് സേഫ്റ്റി ആന്റ് എൻഫോഴ്സ്മെന്റ് വിഭാഗം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ പി.എസ് സത്യാർത്ഥി പറ‌‌ഞ്ഞു. ആന്ധ്രയിൽ സംസ്ഥാന ട്രാൻസ്പോർട്ട് കോർപറേഷന് കീഴിലുള്ള ബസുകളിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കിയതിന് ശേഷം അപകടങ്ങൾ പകുതായി കുറഞ്ഞുവെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകളെന്നും ക‍ർണാകയിലെ ചില ജില്ലകളിലും സമാനമായ പദ്ധതി നിലവിലുണ്ടെന്നും യു.പി ഉദ്യോഗസ്ഥർ പറയുന്നു.

നിർദേശം നടപ്പാക്കിയാൽ മാത്രം ബസുകൾക്ക് പെർമിറ്റ് നൽകിയാൽ മതിയെന്നാണ് നിർദേശം നൽകിയിരിക്കുന്നതെന്ന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞു. ധാരാളം പേർ യാത്ര ചെയ്യുന്ന വാഹനങ്ങളെന്ന നിലയിൽ ബസ് അപകടങ്ങളുടെ ആഘാതം കൂടുതലാണെന്നും അതുകൊണ്ടാണ് ബസുകളിൽ ഇത് ആദ്യ ഘട്ടത്തിൽ തന്നെ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 70 ശതമാനം റോഡ് അപകടങ്ങളും ഡ്രൈവ‍ർമാരുടെ അശ്രദ്ധ കൊണ്ട് സംഭവിക്കുന്നതാണ്. അത് മദ്യലഹരിയിൽ വാഹനം ഓടിക്കുന്നതോ തെറ്റായ ദിശയിൽ വാഹനം ഓടിക്കുന്നതോ മൊബൈൽ ഫോണിൽ സംസാരിക്കുന്നതോ അമിത വേഗതയിൽ വാഹനം ഓടിക്കുന്നതോ ഒക്കെയാവാം.

ഉത്തർപ്രദേശിലെ കണക്കുകൾ പ്രകാരം 40 ശതമാനം അപകടങ്ങളും അമിത വേഗത കാരണമാണ്. 12 ശതമാനം തെറ്റായ ദിശയിൽ വാഹനം ഓടിക്കുന്നതു കൊണ്ടും 10 ശതമാനം ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്നത്കൊണ്ടുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡ് അപകടങ്ങളുടെ എണ്ണത്തിൽ യുപി ഒന്നാം സ്ഥാനത്ത് അല്ലെങ്കിലും അപകട മരണങ്ങളിൽ ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു. 2022ൽ ആകെ 22,595 പേർ റോഡപകടങ്ങളിൽ മരിച്ചപ്പോൾ 2023ൽ ഇത് 23,652 ആയി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ
കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി