ഇ20 ഇന്ധനം കൊണ്ടുവന്നതിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ അരവിന്ദ് കെജ്രിവാൾ. ഓഗസ്റ്റ് നാലിന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. പൊതുജനങ്ങളുടെ പരാതികൾ പ്രധാനമന്ത്രിക്ക് സമർപ്പിക്കുമെന്നും കെജ്രിവാൾ അറിയിച്ചു.
ദില്ലി: രാജ്യത്ത് ഇ20 ഇന്ധനം കൊണ്ടുവന്നതിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. ഓഗസ്റ്റ് നാലിന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി കേന്ദ്രത്തിൻ്റെ ഇ20 നയത്തിനെതിരെ പൊതുജനങ്ങളുടെ നിവേദനങ്ങൾ സമർപ്പിക്കുമെന്ന് കെജ്രിവാൾ അറിയിച്ചു. ഇ20 ഇന്ധനം കേന്ദ്ര സർക്കാർ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുകയാണെന്നും കെജ്രിവാൾ ആരോപിച്ചു. പെട്രോൾ പമ്പുകളിൽനിന്ന് ഇ20 പെട്രോളും സാധാരണ പെട്രോളും തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ അനുവദിക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടന്ന ടൗൺ ഹാൾ മാതൃകയിലുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അരവിന്ദ് കെജ്രിവാൾ.
ഇ20 ഇന്ധനത്തിന്റെ പേരിൽ സർക്കാർ പ്രതിപക്ഷ പാർട്ടികളെ കുറ്റപ്പെടുത്തുകയാണെന്നും പ്രതിപക്ഷ അജണ്ടയാണെന്നും വിശേഷിപ്പിക്കുകയാണെന്നും കെജ്രിവാൾ പറഞ്ഞു. എന്നാൽ ഇപ്പോൾ ബിജെപി നേതാക്കളും സർക്കാരിനെ ശപിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് നിവേദനങ്ങൾ ശേഖരിച്ചു തുടങ്ങുമെന്നും തുടർന്ന് നൂറോളം പേരുമായി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്നും കെജ്രിവാൾ അറിയിച്ചു.
പെട്രോളിൽ എഥനോൾ കലർത്തുന്നത് ചെലവ് വർധിപ്പിക്കുമെന്നും ഉപഭോക്താക്കൾക്കും കർഷകർക്കും ഒരുപോലെ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും കെജ്രിവാൾ ആരോപിച്ചു. എഥനോളിന് പെട്രോളിനേക്കാൾ വില കൂടുതലാണ്. വെള്ളവും മണ്ണും മലിനമാകുന്നതിനാൽ കർഷകർ ദുരിതത്തിലാണ്. ഇന്ത്യ - യുഎസ് വ്യാപാര കരാറിന്റെ പേരിൽ സർക്കാർ പൗരന്മാരുടെ മേൽ ഇ20 അടിച്ചേൽപ്പിക്കുകയാണ്.ഇ20 പെട്രോളിന്റെ വില കുറയ്ക്കണമെന്നും പെട്രോൾ വില മൊത്തത്തിൽ കുറയ്ക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.
ഇ20 ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിൻ്റെ പഠന റിപ്പോർട്ട് പുറത്തുവിടണമെന്ന് കെജ്‌രിവാൾ ആവശ്യപ്പെട്ടു. പഠനങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇ20 വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തില്ലെന്നുമാണ് കേന്ദ്രം പറയുന്നത്. ആ റിപ്പോർട്ട് സർക്കാർ പങ്കുവെക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും കെജ്രിവാൾ പറഞ്ഞു.

