മരണം 8; കേന്ദ്രമന്ത്രിയുടെ മകന്‍റെ വാഹനവ്യൂഹം ഓടിച്ചു കയറ്റി കൊന്നതെന്ന് കര്‍ഷകര്‍; പ്രക്ഷോഭം രാജ്യവ്യാപകമാകും

By Web TeamFirst Published Oct 3, 2021, 9:24 PM IST
Highlights

മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് ഇടയിലേയ്ക്ക് വാഹനം ഇടിച്ചു കയറിയാണ് രണ്ട് പേര്‍ മരിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ വാഹനം ഓടിച്ചുകയറ്റിയെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ദില്ലി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ മന്ത്രിമാ‍ര്‍ക്കെതിരെ നടന്ന പ്രതിഷേധത്തിലേക്ക് വാഹനം ഓടിച്ച് കയറ്റി നാല് കര്‍ഷകരെ കൊന്നെന്ന് ((farmers death) കര്‍ഷക സംഘടനകള്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ വാഹനം ഒടിച്ച് കയറ്റുകയായിരുന്നുവെന്നാണ് കര്‍ഷകരുടെ ആരോപണം. എന്നാല്‍ മകന്‍ സംഭവസ്ഥലത്തില്ലായിരുന്നെന്നും കര്‍ഷകരുടെ കല്ലേറില്‍ വാഹന വ്യൂഹത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും കേന്ദ്രസഹമന്ത്രി അജയ് മിശ്ര പ്രതികരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കർഷക സംഘടനകൾ ( farmers organizations) നാളെ രാജ്യവ്യാപക പ്രതിഷേധം ആഹ്വാനം ചെയ്തു. 8 പേർ മരിച്ചെന്നാണ് ലഖിംപൂർ എഎസ്പിയെ ഉദ്ധരിച്ച് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നച്. നാല് കർഷകരും, മറ്റുള്ളവർ ഇടിച്ച വാഹനത്തിലുള്ളവരാണെന്നുമാണ് എഎസ്പി പറയുന്നത്.

വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ലഖിന്‍ പൂര്‍ ഖരിയിലടക്കം കര്‍ഷകര്‍ പ്രതിഷേധിക്കുകയായിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജ്യ മിശ്രയും പങ്കെടുത്ത ചടങ്ങിലേക്ക് കര്‍ഷകര്‍ പ്രതിഷേധിച്ചെത്തിയത്. ഉപമുഖ്യമന്ത്രി ഇറങ്ങാന്‍ തയ്യാറാക്കിയ ഹെലിപാഡില്‍ ട്രാക്ടറുകള്‍ കയറ്റിയിട്ട് കര്‍ഷകര്‍ പ്രതിഷേധിച്ചു. പിന്നാലെ പരിപാടി സ്ഥലത്തേക്കെത്തിയ കേന്ദ്ര സഹമന്ത്രിയുടെ വാഹനം തടഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. വാഹന വ്യൂഹത്തിലുണ്ടായിരുന്ന സഹമന്ത്രിയുടെ മകന്‍ ഓടിച്ച വാഹനം കര്‍ഷകരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. മകനൊപ്പമുണ്ടായിരുന്ന ചിലര്‍ വെടിവച്ചതായും കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു.

കര്‍ഷകരുടെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ കളക്ട്രേറ്റുകള്‍ വളഞ്ഞ് രാജ്യവ്യാപക പ്രതിഷേധത്തിന് കര്‍ഷക സംഘടനകള്‍ ആഹ്വാനം നല്‍കി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട കര്‍ഷക സംഘടനകള്‍ അജയ് മിശ്രയെ മോദി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. സംഭവത്തെ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അപലപിച്ചു.

Also Read: കർഷക പ്രതിഷേധത്തിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറി; 2 പേർ മരിച്ചെന്ന് റിപ്പോർട്ട്

click me!