Asianet News MalayalamAsianet News Malayalam

ബാരിക്കേഡുകൾ പിന്നിട്ട് കര്‍ഷകർ ദില്ലിയിലേക്ക്; നേരിടാന്‍ കേന്ദ്രം, പ്രതിഷേധം അവസാനിപ്പിക്കണമെന്ന് കൃഷിമന്ത്രി

ഹരിയാനയിലെ ആറ് സ്ഥലങ്ങളിൽ കർഷകർ പൊലീസ് ബാരിക്കേഡുകൾ പിന്നിട്ട് ദില്ലിയിലേക്ക് നീങ്ങുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ദില്ലിയിലേക്കുള്ള ഒമ്പത് വഴികൾ പൊലീസ് അടച്ചു. 

farmers protest in delhi
Author
Delhi, First Published Nov 26, 2020, 5:25 PM IST

ദില്ലി: രാജ്യവ്യാപകമായി ഉയരുന്ന കര്‍ഷക രോഷം തലസ്ഥാനത്ത് ശക്തമാകുന്നു. ട്രെയിന്‍ തടയല്‍ സമരമായി പഞ്ചാബില്‍ മാത്രം ഒതുങ്ങി നിന്ന പ്രതിഷേധം ദില്ലി ചലോ മാര്‍ച്ചിലേക്ക് നീങ്ങിയതോടെ അതിര്‍ത്തികളില്‍ തന്നെ അടിച്ചമര്‍ത്താനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് അതിര്‍ത്തികളില്‍ കേന്ദ്ര സേനയെ കൂടി വിന്യസിച്ചാണ് സമരത്തെ നേരിടുന്നത്.

ഹരിയാനയിലെ ആറ് സ്ഥലങ്ങളിൽ കർഷകർ പൊലീസ് ബാരിക്കേഡുകൾ പിന്നിട്ട് ദില്ലിയിലേക്ക് നീങ്ങുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ദില്ലിയിലേക്കുള്ള ഒമ്പത് വഴികൾ പൊലീസ് അടച്ചു. കർഷകർ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ആവശ്യപ്പെട്ടു. തെറ്റിദ്ധാരണ മാറ്റാൻ ചർച്ചയാകാമെന്നും പുതിയ നിയമം കാലത്തിന്റെ ആവശ്യമാമെന്നും തോമർ കൂട്ടിച്ചേർത്തു.

അതേ സമയം രാജ്യവ്യാപകമായി ഉയരുന്ന കര്‍ഷക രോഷത്തെ നേരിടാൻ ഒരുങ്ങുകയാണ് കേന്ദ്രം. കാര്‍ഷിക നിയമഭേദഗതി നിലവില്‍ വന്നതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പുകളില്‍ പ്രതീക്ഷിച്ച തിരിച്ചടി ഉണ്ടായില്ലെന്ന ആത്മവിശ്വാസമാണ് അനുനയത്തിന് പകരം കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത്. ഡ്രോണ്‍ നിരീക്ഷണമടക്കം ഏര്‍പ്പെടുത്തി പൗരത്വ പ്രതിഷേധക്കാര്‍ക്കെതിരെ വ്യാപകമായി കേസെടുത്തതുപോലെ കര്‍ഷകര്‍ക്കെതിരെയും കടുത്ത നടപടികള്‍ സ്വീകരിക്കാനാണ്  കേന്ദ്രനീക്കം.

കാര്‍ഷിക നിയമഭേദഗതി നിലവില്‍ വന്നതിന് പിന്നാലെ നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് കേന്ദ്രം ഭയന്നെങ്കിലും അങ്ങനെ സംഭവിച്ചില്ലെന്നതാണ് കേന്ദ്രത്തെ കടുത്ത നടപടികളിലേക്ക് നീങ്ങാൻ പ്രേരിപ്പിക്കുന്നത്. നിയമഭേദഗതിയില്‍ തുടര്‍ ചര്‍ച്ചകള്‍ വേണമെന്ന കര്‍ഷകരുടെ ആവശ്യത്തെ പ്രോത്സാഹിപ്പിക്കാതിരുന്നതും ഈ പശ്ചാത്തലത്തിലാണ്. അതിനിടെ കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കാതെ സമരക്കാരെ ജലപീരങ്കി ഉപയോഗിച്ച് നേരിടുന്നത് കടുത്ത കുറ്റമാണെന്ന് കെജ്രിവാള്‍ അപലപിച്ചു.  
 

Follow Us:
Download App:
  • android
  • ios