സിംഘുവിൽ വൻ സംഘർഷം, കർഷകരും പ്രതിഷേധക്കാരും ഏറ്റുമുട്ടി, പൊലീസ് നടപടി

By Web TeamFirst Published Jan 29, 2021, 2:04 PM IST
Highlights

കർഷകർ സമരം ചെയ്യുന്ന വേദിയിലേക്ക് ബാരിക്കേഡുകൾ മറികടന്ന് ഒരു വിഭാഗം കൂട്ടം ചേർന്ന് എത്തുകയായിരുന്നു. കർഷകരുടെ പാത്രങ്ങളും മറ്റ് സാധനങ്ങളടക്കം പ്രതിഷേധക്കാർ നശിപ്പിച്ചു. ഇവർ കർഷകരോ നാട്ടുകാരോ അല്ലെന്നാണ് വിവരം.

ദില്ലി: കേന്ദ്ര സർക്കാരിന്റെ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർക്കെതിരെ സിംഘുവിൽ ഒരു വിഭാഗം പ്രതിഷേധക്കാർ. കർഷകരുടെ സമരവേദിയിലെത്തിയ പ്രതിഷേധക്കാർ സമരവേദികളിൽ ചിലത് തല്ലിപ്പൊളിച്ചു. പ്രദേശത്ത് കർഷകരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. സ്ഥലത്ത് കല്ലേറും സംഘർഷാവസ്ഥയും നിലനിൽക്കുകയാണ്. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. 

കർഷകർ സമരം ചെയ്യുന്ന വേദിയിലേക്ക് ബാരിക്കേഡുകൾ മറികടന്നാണ് ഒരു വിഭാഗം കൂട്ടം ചേർന്ന് എത്തിയത്. സമരവേദിക്ക് സമീപത്ത് നിലയുറച്ച കേന്ദ്രസേനയോ പൊലീസ് കാര്യമായി തടയാതിരുന്നതിനെ തുടർന്നാണ് ഈ പ്രതിഷേധക്കാർ സമരം ചെയ്യുന്ന കർഷകരുടെ അരികിലേക്ക് എത്തിച്ചേർന്നതും സംഘർഷാവസ്ഥയുണ്ടായതും. കർഷകരുടെ പാത്രങ്ങളും ടെന്റുകളും മറ്റ് സാധനങ്ങളടക്കം പ്രതിഷേധക്കാർ നശിപ്പിച്ചു. ഇവർ കർഷകരോ നാട്ടുകാരോ അല്ലെന്നാണ് വിവരം. പ്രതിഷേധക്കാരെ പൊലീസ് പിന്നീട് ഇടപെട്ട് നീക്കി. സംഘർഷത്തിൽ ഒരു എസ്എച്ച്ഒ ഉൾപ്പടെ രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു. 

കർഷകർ സമരം ചെയ്യുന്ന ഇടത്തേക്ക് കൂടുതൽ പൊലീസ് സേന നീങ്ങിയിട്ടുണ്ട്. പൊലീസ് നടപടിയ്ക്കുള്ള സാധ്യതയും സാഹചര്യവുമാണ് സ്ഥലത്ത് നിലനിൽക്കുന്നത്. മാധ്യമങ്ങളെയടക്കം ദൃശ്യങ്ങൾ പകർത്തുന്നതിൽ നിന്നും പൊലീസ് ഇടപെട്ട് ഒരു ഘട്ടത്തിൽ തടയുന്ന സാഹചര്യവും ഉണ്ടായി. സമരം ചെയ്യുന്ന കർഷകർക്കെതിരെ പ്രതിഷേധവുമായി എത്തിയവരുടെ മറവിൽ പൊലീസ് സമര വേദി ഒഴിപ്പിക്കാനുള്ള നടപടികളിലേക്ക് കടന്നേക്കുമെന്നാണ് സിംഘുവിനെ സാഹചര്യത്തിൽ നിന്ന് മനസിലാകുന്നതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സിംഘുവിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. 

അതേ സമയം  പൊലീസ് കർഷകർക്ക് എതിരെ വന്ന പ്രതിഷേധക്കാരെ തടഞ്ഞില്ലെന്നും അതാണ് സംഘർഷത്തിലേക്ക് കടന്നതെന്നും കർഷക നേതാക്കളും പ്രതികരിച്ചു.  സമരം തുടരുമെന്നും ഭയപ്പെട്ട് പിൻമാറില്ല. പൊലീസ് നിയന്ത്രിക്കണമെന്നും സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു. ഇന്നലെ സമാനമായ രീതിയിൽ യുപി- ദില്ലി അതിർത്തിയായ ഘാസിപ്പൂരിലും സംഘർഷാവസ്ഥ നിലനിന്നിരുന്നു. സമരവേദി ഒഴിപ്പിക്കാൻ പൊലീസ് എത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന പിൻമാറുകയായിരുന്നു. 


 

click me!