ട്രാക്ടർ റാലി നാളെ; ദില്ലി അതിർത്തിയിൽ കർഷകപ്രവാഹം; മുംബൈയിൽ കർഷകരെ തടഞ്ഞു

Web Desk   | Asianet News
Published : Jan 25, 2021, 04:29 PM ISTUpdated : Jan 25, 2021, 05:33 PM IST
ട്രാക്ടർ റാലി നാളെ; ദില്ലി അതിർത്തിയിൽ കർഷകപ്രവാഹം; മുംബൈയിൽ കർഷകരെ തടഞ്ഞു

Synopsis

സിംഘു, തിക്രി, ഗാസിപൂർ അതിർത്തികളിൽ ആയിരക്കണക്കിന് ട്രാക്ടറുകളാണ് എത്തിയത്. റാലി തടയാനുള്ള യുപി സർക്കാറിന്റെ നീക്കം വലിയ വിവാദമാകുകയും ചെയ്തു. അതേസമയം, മുംബൈയിൽ കർഷകരുടെ രാജ്ഭവൻ മാർച്ച് പൊലീസ് തടഞ്ഞു. 

ദില്ലി: കർഷക സമരത്തിന്റെ ഭാഗമായുള്ള ട്രാക്ടർ റാലി നാളെ നടക്കാനിരിക്കെ ദില്ലി  അതിർത്തികളിലേക്ക്  കർഷകരുടെ  പ്രവാഹമാണ്.സിംഘു, തിക്രി, ഗാസിപൂർ അതിർത്തികളിൽ ആയിരക്കണക്കിന് ട്രാക്ടറുകളാണ് എത്തിയത്. റാലി തടയാനുള്ള യുപി സർക്കാറിന്റെ നീക്കം വലിയ വിവാദമാകുകയും ചെയ്തു.

രാജ്പഥിൽ രാജ്യത്തിന്റെ സൈനിക ശക്തിയുടെ വിളിച്ചോതുന്ന റിപബ്ലിക്ക് ദിന  പരേഡ് നാളെ അവസാനിക്കുമ്പോൾ അതിർത്തികളിൽ കാർഷിക നിയമങ്ങൾക്കെതിരെ  ട്രാക്റ്ററുകൾ അണിനിരത്തി പ്രതിഷേധ റാലി സംഘടിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് കർഷകർ. സിംഘു, തിക്രി, ഗാസിപൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് 100 കിലോമീറ്ററിൽ അധികം ദൂരം തലസ്ഥാനത്തെ വലംവെക്കുന്ന രീതിയിലാണ്  റാലി ക്രമീകരിച്ചിരിക്കുന്നത്. ഒരു ലക്ഷം ട്രാക്ടറുകളാണ് റാലിയിൽ പങ്കെടുക്കുക. ദേശീയ പതാകയും കര്‍ഷക സംഘടനകളുടെ കൊടികളും മാത്രമേ ട്രാക്ടറുകളിൽ  ഉപയോഗിക്കാവൂ എന്നതടക്കം കർശന നിർദേശങ്ങൾ ആണ് സംയുക്ത സമരസമിതി നൽകിയിരിക്കുന്നത്.

ഇതിനിടെ റാലിക്ക് ട്രാക്റ്ററുകൾക്ക് ഡീസൽ നൽകരുതെന്ന് യുപി സർക്കാർ പെട്രോൾ പമ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. . 
ഇതിന്റെ അടിസ്ഥാനത്തിൽ കന്നാസുകളിൽ പോലും ഡീസൽ നൽകില്ലെന്ന് പമ്പുകളിൽ പോസ്റ്ററുകൾ പതിപ്പിച്ചു. യോഗി  സർക്കാരിന്റെ  തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമയി  കർഷകസംഘടനകളും സമാജ്‌വാദി പാർട്ടി, അകാലി ദൾ എന്നിവയും രം​ഗത്തെത്തി. 

അതേസമയം, മുംബൈയിൽ കർഷകരുടെ രാജ്ഭവൻ മാർച്ച് പൊലീസ് തടഞ്ഞു. കർഷകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പതിനായിരത്തോളം കർഷകരാണ് ആസാദ് മൈതാനത്ത് നിന്ന് രാജ്ഭവൻ ലക്ഷ്യമാക്കി നീങ്ങിയത്. പക്ഷേ, ഒരു കതിലോമീറ്റർ പോലും മുമ്പോട്ട് പോകാൻ അവർക്ക് സാധിച്ചില്ല. പൊലീസ് ബാരിക്കേഡ് തീർത്ത് കർഷകരെ തടയുകയായിരുന്നു. ഇതേ സ്ഥിതി തുടരുകയാണെങ്കിൽ കർഷക പ്രതിനിധികൾ രാജ്ഭവനിലേക്ക് പോയി ​ഗവർണറെ കണ്ട് അവരുടെ നിവേദനം നൽകാനാണ് സാധ്യത. 
 

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു