
ഗാന്ധിനഗർ: ഗുജറാത്തിൽ ഏഴ് വയസ്സുള്ള മകളെ ഭാര്യയുടെ മുന്നിൽ വച്ച് കനാലിലേക്ക് എറിഞ്ഞു കൊലപ്പെടുത്തി അച്ഛൻ. വിജയ് സോളങ്കി എന്നയാളാണ് കൊലപാതകത്തിന് പിന്നിൽ. രണ്ട് പെൺമക്കളായിരുന്നു ഇയാൾക്കുണ്ടായിരുന്നത്. അതിൽ ഇയാൾ അസ്വസ്ഥനായിരുന്നുവെന്നും ഒരു ആൺകുട്ടി ഉണ്ടാകാനുള്ള ആഗ്രഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. 7 വയസുകാരി ഭൂമികയാണ് മരിച്ചത്.
ജൂലൈ 10 ന് ആണ് സംഭവം. വിജയ് സോളങ്കിയും ഭാര്യ അഞ്ജനയും മകൾ ഭൂമികയും ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഈ ദാരുണ സംഭവമുണ്ടായത്. തിരികെ വരുമ്പോൾ നർമ്മദ കനാലിനടുത്ത് വണ്ടി നിർത്തി കുട്ടിയെ അതിനടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി കനാലിൽ തള്ളിയിടുകയായിരുന്നു. നടന്ന സംഭവം ആരോടും പറയരുതെന്ന് ഭാര്യയെ താക്കീത് ചെയ്യുകയും ചെയ്തു.
കായലിൽ മീനിനെ നോക്കുന്നതിനിടെ, ഭൂമിക കാൽ വഴുതി കനാലിലേക്ക് വീണെന്നാണ് ദമ്പതികൾ ആദ്യം പറഞ്ഞതെന്ന് ഖേഡ ജില്ലാ പോലീസ് സൂപ്രണ്ട് രാജേഷ് ഗാധിയ പറഞ്ഞു. ആദ്യം അപകട മരണമായിട്ടായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. സംശയം തോന്നിയ പൊലീസ് പിന്നീടുള്ള ചോദ്യം ചെയ്യലിൽ അമ്മ അഞ്ജന കുറ്റം സമ്മതിക്കുകയായിരുന്നു. തന്റെ ഭർത്താവിന് ആൺകുട്ടികളില്ലാത്തതിൽ വിഷമമുണ്ടായിരുന്നുവെന്നും പലപ്പോഴും തന്നോട് വഴക്കിട്ടിരുന്നു എന്നും അഞ്ജന മൊഴി നൽകി. എന്നാൽ തനിക്ക് ഒന്നും അറിയില്ലായിരുന്നുവെന്നും തനിക്കെന്തെങ്കിലും പ്രതികരിക്കാൻ കഴിയുന്നതിനു മുൻപ് ഭർത്താവ് മകളെ കനാലിലേക്ക് എറിഞ്ഞുവെന്നും അമ്മ പൊലീസിനോട് പറഞ്ഞു.
അത് സമയം, ചോദ്യം ചെയ്യലിൽ വിജയ് സോളങ്കി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. എനിക്ക് ഒരു മകനെ വേണം. എനിക്ക് ഒരു മകനെ വേണമെന്ന് തോന്നിയതുകൊണ്ടാണ് മകളെ കൊന്നത്. മകനില്ലാത്തതിനാൽ സമൂഹത്തിൽ നിന്ന് നല്ല പ്രഷർ ഉണ്ടായിരുന്നു. ഈ കുട്ടി അമ്മാവനൊപ്പമാണ് താമസിച്ചിരുന്നത്. അതു കൊണ്ട് തന്നെ ഭൂമികയോട് അടുപ്പം കുറവായിരുന്നുവെന്നും വിജയ് സോളങ്കി പൊലീസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam