'ചൈനയിലെ വൈറസ് കൊറോണയാണെങ്കില്‍ കശ്മീരിലെ വൈറസ് പൊതുസുരക്ഷാ നിയമം':പിഡിപി നേതാവ്

By Web TeamFirst Published Feb 14, 2020, 10:02 AM IST
Highlights

മാര്‍ച്ചില്‍ ജമ്മു കശ്മീരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തുമെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിനെതിരേയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു

ദില്ലി: പൊതുസുരക്ഷാ നിയമത്തെ കൊറോണ വൈറസിനോട് താരതമ്യം ചെയ്ത് പിഡിപി നേതാവും രാജ്യസഭാ എം.പിയുമായ ഫയസ് അഹമ്മദ് മിര്‍. ചൈനയിൽ കൊറോണ വൈറസാണെങ്കിൽ കശ്മീരിലെ വൈറസ് പൊതുസുരക്ഷാ നിയമമാണെന്ന് അഹമ്മദ് മിർ പറഞ്ഞു.

”ഈ രാജ്യത്ത് ഒരു ജനാധിപത്യമുണ്ട്. പക്ഷേ എന്തെങ്കിലും പറഞ്ഞാല്‍ പിഎസ്എ വൈറസ് അടിച്ചേൽപ്പിക്കും. ചൈനയില്‍ കൊറോണയാണെങ്കില്‍ ഇവിടെ ഇതാണ്. അതുകൊണ്ടാണ് കശ്മീരിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ ആളുകൾ ഭയപ്പെടുന്നത്. പിഎസ്എ നിയമം ചുമത്തി അറസ്റ്റ് ചെയ്തുകളഞ്ഞേക്കുമോ എന്ന ഭയമാണവര്‍ക്ക്,”അഹമ്മദ് മിർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. പാര്‍ലമെന്റ് അംഗമായിരുന്നിട്ട് കൂടി തനിക്ക് പൊതുസുരക്ഷാ നിയമത്തെക്കുറിച്ച് സംസാരിക്കാന്‍ ഭയമാണെന്നും മിര്‍ കൂട്ടിച്ചേർത്തു. 

മാര്‍ച്ചില്‍ ജമ്മു കശ്മീരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിനെതിരേയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ഈ വിഷയത്തില്‍ കേന്ദ്രം ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മിര്‍ കുറ്റപ്പെടുത്തി. ”അഞ്ച് വര്‍ഷത്തില്‍ ഒരിക്കലാണ് സാധാരണ തെരഞ്ഞെടുപ്പ് നടക്കാറുള്ളത്. പക്ഷേ കശ്മീരിലാവട്ടെ എല്ലാ മൂന്ന് മാസത്തിലും. കശ്മീരിലെ സ്ഥിതി എന്താണെന്ന് ഇതില്‍ നിന്ന് തന്നെ മനസ്സിലാകും”, മിര്‍ കൂട്ടിച്ചേര്‍ത്തു.

click me!