
മുംബൈ: ബോളിവുഡ് സൂപ്പർ താരങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ കാരണം കാണിക്കൽ നോട്ടീസ്. മഹാരാഷ്ട്ര ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണർ തുക്കാറാം മുണ്ടെയാണ് നോട്ടീസ് നൽകിയത്. ഷാരൂഖ് ഖാൻ, ടൈഗർ ഷ്റോഫ്, അജയ് ദേവഗൻ എന്നിവരോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. നിരോധിച്ച പാന്‍ മസാല ഉത്പന്നത്തിന്‍റെ പരസ്യത്തിൽ പരോക്ഷമായി പങ്കാളികളായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
വിമൽ പാൻ മസാല നിർമ്മാതാക്കളുടെ വിമൽ ഏലക്കാ ച്യൂയിംഗം പരസ്യത്തിലാണ് മൂന്ന് താരങ്ങളും ഒന്നിച്ച് അഭിനയിച്ചത്. ഏലക്കയുടെ മറവിൽ നിരോധിത ഉത്പന്നങ്ങളുടെ ബ്രാൻഡ് മൂല്യം ഉയർത്താനാണ് പരസ്യം ശ്രമിക്കുന്നതെന്ന് തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര എഫ് ഡി എ ഒമ്പത് പേജുള്ള നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. പരസ്യ പ്രചാരണത്തിൽ നിന്ന് ഉടനടി പിന്മാറാനും സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്ന് പരസ്യങ്ങൾ നീക്കം ചെയ്യാനും താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏലക്കയുടെ മറവിൽ നിരോധിത പാൻ മസാല/പുകയില ഉത്പന്നങ്ങളുടെ ബ്രാൻഡ് മൂല്യം ഉയർത്താനാണ് പരസ്യം ശ്രമിക്കുന്നതെങ്കിൽ അത് പരോക്ഷമായ പരസ്യ പ്രചാരണത്തിന്റെ പരിധിയിൽ വരുമെന്നും എഫ് ഡി എ വ്യക്തമാക്കി.
കരാർ, പണമിടപാട് വിവരങ്ങൾ, ഏജൻസി വിവരങ്ങൾ എന്നിവ ഹാജരാക്കാൻ താരങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ പങ്കാളികളായാൽ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം 10 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ പിഴയും മൂന്ന് വർഷം വരെ പരസ്യങ്ങളിൽ അഭിനയിക്കുന്നതിന് വിലക്കും നേരിടേണ്ടിവരും. 2022-ൽ ഇതേ ബ്രാൻഡിന്റെ പരസ്യത്തിൽ ഷാറൂഖിനും അജയ് ദേവ്ഗണിനുമൊപ്പം പ്രത്യക്ഷപ്പെട്ടതിന് നടൻ അക്ഷയ് കുമാർ ആരാധകരോട് മാപ്പു പറഞ്ഞിരുന്നു. ജനവികാരം മാനിച്ചാണ് പരസ്യത്തിൽ നിന്ന് പിന്മാറുന്നതെന്നും എന്നാൽ കരാർ കാലാവധി കഴിയുന്നത് വരെ പരസ്യം സംപ്രേഷണം ചെയ്യപ്പെട്ടേക്കാമെന്നും അദ്ദേഹം അറിയിച്ചിരുന്നു. പ്രതിഫലമായി ലഭിച്ച തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്രയിൽ ഗുഡ്ക, പാൻ മസാല ഉത്പന്നങ്ങളുടെ നിർമ്മാണവും വിൽപ്പനയും പൂർണ്ണമായും നിരോധിച്ചിട്ടുള്ളതാണ്. ഇതിന്റെ പശ്ചാത്തലത്തിൽ നിയമം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ബോളിവുഡ് താരങ്ങൾക്ക് എഫ് ഡി എ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam