അധികാരത്തിലിരിക്കുന്നവരെ വിമര്‍ശിക്കാനുള്ള ഭയം വെടിയണം: എസ്എം കൃഷ്ണ

By Web TeamFirst Published Aug 14, 2020, 4:40 PM IST
Highlights

എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ അഭാവമുണ്ട്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പ്രോത്സാഹിപ്പിക്കാന്‍ സംവിധാനമുണ്ടാുകണം. അധികാരത്തിലിരിക്കുന്ന നേതാക്കളെ വിമര്‍ശിക്കാനുള്ള ഭയം വെടിയണം.
 

ബെംഗളൂരു: രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഇല്ലാതായെന്ന് ബിജെപി നേതാവ് എസ്എം കൃഷ്ണ. അധികാരത്തിലിരിക്കുന്ന നേതൃത്വത്തെ വിമര്‍ശിക്കാനുള്ള ഭയം വെടിയണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെയും നരേന്ദ്ര മോദിയുടെ ഭരണത്തെയും പ്രശംസിച്ച കൃഷ്ണ, ബിജെപിയെ നേരിടാനുള്ള കരുത്ത് ഇപ്പോഴും കോണ്‍ഗ്രസിനുണ്ടെന്നും പ്രാദേശിക പാര്‍ട്ടികളുമായി കോണ്‍ഗ്രസ് യോജിക്കണമെന്നും വ്യക്തമാക്കി. കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന കൃഷ്ണ മൂന്ന് വര്‍ഷം മുമ്പാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നത്. 2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപി തന്നെ അധികാരത്തില്‍ വരുമെന്നും മോദി പ്രധാനമന്ത്രിയായി തുടരുമെന്നും കൃഷ്ണ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് എസ്എം കൃഷ്ണ ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

'എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ അഭാവമുണ്ട്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പ്രോത്സാഹിപ്പിക്കാന്‍ സംവിധാനമുണ്ടാുകണം. അധികാരത്തിലിരിക്കുന്ന നേതാക്കളെ വിമര്‍ശിക്കാനുള്ള ഭയം വെടിയണം. ഗാന്ധിയുടെയും സുഭാഷ് ചന്ദ്രബോസിന്റെയും കാലത്തേത് പോലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന് സ്ഥാനമുണ്ടാകണം. നവീകരണം മാറ്റങ്ങള്‍ കൊണ്ടുവരും'-എസ്എം കൃഷ്ണ പറഞ്ഞു.

കോണ്‍ഗ്രസിലെ ആഴത്തിലാര്‍ന്ന പ്രശ്‌നം കാരണമാണ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ പോയതും സച്ചിന്‍ പൈലറ്റ് വിമത ശബ്ദമുയര്‍ത്തിയതും. കോണ്‍ഗ്രസില്‍ യുവനേതാക്കള്‍ക്ക് അവസരമില്ല. മുതിര്‍ന്ന തലമുറ യുവാക്കള്‍ക്ക് അവസരം നല്‍കണം. ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം സന്തോഷമുണ്ടെന്നും മോദിയുടെ ഭരണത്തില്‍ തൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 

click me!