
തൂത്തുക്കുടി: തമിഴ്നാട്ടിൽ സംസ്ഥാന ഹൈവേയിൽ സ്ഥാപിച്ച സൈൻബോർഡിൽ ഹിന്ദി ഭാഷ ഉൾപ്പെടുത്തിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. തമിഴ്നാട് ഹൈവേഴ്സ് ഡിപ്പാർട്ട്മെൻ്റിലെ അസിസ്റ്റൻ്റ് എഞ്ചിനീയറെയും അസിസ്റ്റൻ്റ് ഡിവിഷണൽ എഞ്ചിനീയറെയുമാണ് ടിവികെ സർക്കാർ സസ്പെൻഡ് ചെയ്തത്. സൈൻബോർഡിൽ ഹിന്ദി ഉൾപ്പെടുത്തിയത് സംസ്ഥാനത്തിൻ്റെ ദ്വിഭാഷാ നയത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഭവം വിവാദമായതിനെ തുടർന്ന് സൈൻബോർഡിൽ നിന്ന് ഹിന്ദിയിലുള്ള എഴുത്തുകൾ മായ്ച്ചുകളഞ്ഞു.
തൂത്തുക്കുടി ജില്ലയിലെ അൽവാർതിരുനഗരിയെയും തിരുനെൽവേലി ജില്ലയിലെ വല്ലിയൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സ്റ്റേറ്റ് ഹൈവേ 93ൽ സ്ഥാപിച്ച സൈൻബോർഡ് ആണ് വിവാദമായത്. സൈൻബോർഡിൽ തമിഴ്, ഇംഗ്ലീഷ് ഭാഷകൾക്ക് പുറമേ, ഹിന്ദിയിൽ കൂടി സ്ഥലവിവരങ്ങൾ രേഖപ്പെടുത്തിയത് ചോദ്യംചെയ്ത് രാഷ്ട്രീയ പാർട്ടികളും ആക്ടിവിസ്റ്റുകളും രംഗത്തെത്തിയിരുന്നു.
സംഭവത്തെ അപലപിച്ച മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിൻ, ദ്വിഭാഷ നയമെന്നത് തമിഴ്‌നാടിന്റെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന തത്വമാണെന്ന് ചൂണ്ടിക്കാട്ടി. ഇതുവരെ കേന്ദ്ര സർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കലിനെ മാത്രമാണ് നേരിട്ടിരുന്നത്. എന്നാൽ ഇപ്പോൾ സംസ്ഥാന സർക്കാർ തന്നെ ആ ജോലി ചെയ്യുകയാണോ എന്നും സ്റ്റാലിൻ ചോദിച്ചു. എല്ലാ കാര്യങ്ങളിലും ജനവികാരം അളന്നുനോക്കുകയും എതിർപ്പ് ശക്തമാകുമ്പോൾ യൂടേൺ എടുക്കുകയും ചെയ്യുന്ന ടിവികെ സർക്കാരിന്റെ മറ്റൊരു ശ്രമമാണോ ഇതെന്നും സ്റ്റാലിൻ ചോദിച്ചു. തമിഴ്നാടിൻ്റെ ദ്വിഭാഷാ നയത്തിൽ തൊട്ട് കളിക്കരുതെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.
സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ആദവ് അർജുന, ദ്വിഭാഷ നയമെന്നത് ടിവികെയുടെയും പ്രധാന തത്വമാണെന്നും വീഴ്ചയ്ക്ക് കാരണക്കാരായ രണ്ട് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തതായും അറിയിച്ചു. മൂന്ന് ഭാഷകളിൽ സ്ഥാപിച്ചിരുന്ന സൈൻബോർഡ് ഉടൻ തന്നെ മാറ്റുകയും അതേ സ്ഥാനത്ത് രണ്ട് ഭാഷകളിൽ എഴുതിയ പുതിയ സൈൻബോർഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam