കയ്യേറ്റത്തെച്ചൊല്ലി തർക്കം; അരുണാചൽ പ്രദേശ് - അസം അതിർത്തിയിൽ വെടിവെപ്പ്; എട്ടുപേർക്ക് പരിക്ക്

Published : Aug 11, 2026, 12:03 PM IST
Arunachal Pradesh Assam Border Firing

Synopsis

അരുണാചൽ പ്രദേശ് - അസം അതിർത്തിയിൽ വെടിവെപ്പ്. അസം സ്വദേശികളായ 8 പേർക്ക് പരിക്കേറ്റു. അരുണാചൽ പ്രദേശിൽ നിന്നുള്ളവരാണ് വെടിവെച്ചത്. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമെന്ന് പൊലീസ്.

​ഗുവാഹത്തി: അരുണാചൽ പ്രദേശ് - അസം അതിർത്തിയിൽ ഉണ്ടായ വെടിവെപ്പിൽ എട്ടുപേർക്ക് പരിക്ക്. അസം സ്വദേശികൾക്കാണ് പരിക്കേറ്റത്. അരുണാചൽ പ്രദേശിൽ നിന്നുള്ളവരാണ് വെടിവെച്ചത്. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് അരുണാചൽ പ്രദേശ് സർക്കാരുമായി ചർച്ച നടത്തുമെന്ന് അസം സർക്കാർ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ അസം - അരുണാചൽ പ്രദേശ് അതിർത്തിയായ ഗോഗമുഖിലാണ് സംഭവം. അസമിലെ ദേമാജി ജില്ലയുടെ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഗോഗമുഖ്. അസമിലെ ഭൂമി അരുണാചലിൽ നിന്നുള്ള ആളുകൾ കയ്യേറിയെന്ന് ആരോപിച്ചുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. പിന്നാലെ അക്രമികൾ അസമിലെ നാട്ടുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റവരെ ആദ്യം ഗോഗമുഖ് റൂറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ദേമാജി സിവിക് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റവരെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അസം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സാഹചര്യം നിയന്ത്രണവിധേയമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. വിഷയത്തിൽ അരുണാചൽ പ്രദേശ് സർക്കാരുമായി ചർച്ച നടത്താൻ വിദ്യാഭ്യാസ മന്ത്രി റനോജ് പെഗുവിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. അസം ഡിജിപിയും ചീഫ് സെക്രട്ടറിയും അരുണാചലിലെ ഡിജിപിയുമായും ചീഫ് സെക്രട്ടറിയുമായും ബന്ധപ്പെട്ടുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പതിറ്റാണ്ടുകളായി അസമും അരുണാചൽ പ്രദേശും തമ്മിൽ അതിർത്തിയെച്ചൊല്ലി നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങളുടെ ഒടുവിലത്തെ സംഭവവികാസമാണ് ഇപ്പോഴത്തെ ഏറ്റുമുട്ടൽ. അസമും അരുണാചൽ പ്രദേശും തമ്മിൽ 804.1 കിലോമീറ്റർ ആണ് കര അതിർത്തി പങ്കിടുന്നത്. ഇരുസംസ്ഥാനങ്ങളും തമ്മിൽ 1200 പോയിൻ്റുകളിൽ തർക്കം നിലനിൽക്കുന്നുണ്ട്. ജൂലൈ 29ന് നടന്ന നിയമസഭാ സമ്മേളനത്തിൽ അരുണാചൽ പ്രദശ് 16,144.01 ഹെക്ടർ ഭൂമി കയ്യേറിയതായി അസം സർക്കാർ അറിയിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പഞ്ചാബിലും സോംബി മയക്കുമരുന്ന്', വീഡിയോ പങ്കുവെച്ച് ബിജെപി എംപി ഹർഭജൻ സിങ്; ദൃശ്യങ്ങൾ പഞ്ചാബിലേത് അല്ലെന്ന് പൊലീസ്, വിമർശിച്ച് മന്ത്രിയും
ജെൻസികൾക്ക് പിന്നാലെ ആർഎസ്എസ്; വീണ്ടും യുവതലമുറയെ കാണാൻ മോഹൻ ഭാഗവത്; സ്വാതന്ത്ര്യദിനത്തിൽ നാഗ്പൂരിൽ സംവാദം