തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പശ്ചിമ ബംഗാളിൽ മമത ബാനർജിയും സിപിഐഎമ്മും സംയുക്ത സമരത്തിന് ഒരുങ്ങുന്നതിനെതിരെ ബിജെപി രംഗത്ത്. രാഷ്ട്രീയ നിലനിൽപ്പിനും അധികാരത്തിനും വേണ്ടിയുള്ള സ്വാർത്ഥ സഖ്യമാണിതെന്ന് ബിജെപി വക്താവ് എൻ.വി സുഭാഷ് വിമർശിച്ചു. ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി മികച്ച വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊൽക്കത്ത: മമത ബാനർജിയും സിപിഐഎമ്മും തമ്മിൽ കൈകോർക്കുന്നത് അധികാരത്തിനും രാഷ്ട്രീയ നിലനിൽപ്പിനും വേണ്ടി മാത്രമെന്ന് ബിജെപി വക്താവ് എൻ.വി സുഭാഷ്. പശ്ചിമ ബംഗാളിൽ പതിറ്റാണ്ടുകളോളം പരസ്പര വൈര്യത്തോടെ പ്രവർത്തിച്ച ഇരുപാർട്ടികളും എസ്ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ യോജിച്ച സമരത്തിലേക്ക് നീങ്ങുന്നതിനെയാണ് ബിജെപി വിമർശിക്കുന്നത്. മമത ബാനർജിയും എംഎ ബേബിയും തമ്മിൽ ഫോണിലൂടെ സംസാരിക്കുകയും പിന്നീട് മമതയ്ക്ക് സിപിഎം ഒന്നിച്ച് സമരം ചെയ്യാനാവശ്യപ്പെട്ട് കത്ത് നൽകിയെന്നും വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപി വിമർശനവുമായി രംഗത്തെത്തിയത്.

വർഷങ്ങളോളം തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കുമെതിരെ നിലപാടെടുത്ത സി.പി.എമ്മിന് നിരവധി പ്രവർത്തകരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് എൻവി സുഭാഷ് ചൂണ്ടിക്കാട്ടി. ഇന്ന് സ്വന്തം രാഷ്ട്രീയ നിലനിൽപ്പ് അപകടത്തിലായപ്പോൾ തത്ത്വശാസ്ത്രങ്ങളും ആശയങ്ങളും മറന്ന് സിപിഎം തൃണമൂലുമായി കൈകോർക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ഇത്തരമൊരു സ്വാർത്ഥ രാഷ്ട്രീയ സഖ്യത്തെ പശ്ചിമ ബംഗാളിലെ പൊതുജനങ്ങൾ തിരിച്ചറിയുമെന്നും അവർ ഇതിനെ പൂർണ്ണമായി തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി മികച്ച വിജയം നേടുമെന്ന് പറഞ്ഞ അദ്ദേഹം ജനങ്ങൾ നരേന്ദ്ര മോദിയുടെ വികസന നയങ്ങൾക്കൊപ്പം നിൽക്കുമെന്നും പ്രതികരിച്ചു.