കിഴക്കൻ ലഡാക്കിലെ ഇന്ത്യ- ചൈന അതിർത്തിയിൽ വെടിവയ്പ്പ് നടന്നതായി റിപ്പോർട്ടുകൾ

By Web TeamFirst Published Sep 8, 2020, 2:26 AM IST
Highlights

കിഴക്കൻ ലഡാക്ക് സെക്ടറിലെ അതിർത്തിയിൽ വെടിവയ്പ്പ് നടന്നതായി റിപ്പോർട്ടുകൾ. 

ലഡാക്ക്: കിഴക്കൻ ലഡാക്ക് സെക്ടറിലെ അതിർത്തിയിൽ വെടിവയ്പ്പ് നടന്നതായി റിപ്പോർട്ടുകൾ. മൂന്ന് മാസത്തിലേറെയായി ഇന്ത്യയുടെയും ചൈനയുടെയും സൈനികർ നിലകൊള്ളുന്ന അതിർത്തി  പ്രദേശത്ത് വെടിവയ്പ്പ് നടന്നതായാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങൾ ലഭ്യമായിട്ടില്ല.

ഫിംഗർ ഏരിയ ഉൾപ്പെടെ ഒന്നിലധികം പ്രദേശങ്ങളിൽ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങളെച്ചൊല്ലി ഇന്ത്യയും ചൈനയും ഏപ്രിൽ-മെയ് മുതൽ ഏറ്റുമുട്ടലിലാണ്.  ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനെ തുടർന്ന് സ്ഥിതി കൂടുതൽ വഷളായി. കഴിഞ്ഞ മൂന്ന് മാസമായി അഞ്ച് ലെഫ്റ്റനന്റ് ജനറൽ ലെവൽ ചർച്ചകൾ ഉൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നടന്നു. പ്രതിരോധ മന്ത്രിമാരും ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇരുരാജ്യങ്ങളും പാംഗോഗ് തീരത്തെ നിയന്ത്രണരേഖക്ക് സമീപം സൈനിക ശക്തി വർധിപ്പിച്ചിട്ടുണ്ട്. വൻ ആയുധ ശേഖരവും ഇവിടെ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ലഡാക്കിൽ തങ്ങിയ കരസേന മേധാവി ജനറൽ എം എം നരവനെ സൈനിക വിന്യാസം നേരിട്ട് വിലയിരുത്തിയിരുന്നു. 

അതിര്‍ത്തിയിൽ സമാധാനം വേണോ, കൂടുതൽ സംഘര്‍ഷത്തിലേക്ക് കാര്യങ്ങൾ പോകണമോ എന്നതൊക്കെ ചൈന തീരുമാനിക്കണമെന്ന സന്ദേശമാണ് ഇന്ത്യ നൽകുന്നത്. ചൈന പ്രകോപനം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ചര്‍ച്ചകൾ തുടരണമെന്നും ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാരുടെ മോസ്കോ കൂടിക്കാഴ്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രകോപനത്തിന് കാരണം ഇന്ത്യയാണെന്നായിരുന്നു ചര്‍ച്ചക്ക് ശേഷം ഇറക്കിയ വാര്‍ത്താകുറിപ്പിൽ ചൈന മറുപടി നൽകിയത്.  

click me!