കൊവിഡ്, പ്രളയം; ബീഹാര്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

By Web TeamFirst Published Sep 7, 2020, 11:47 PM IST
Highlights

ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അലോചന.
 

ദില്ലി: ബീഹാര്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട സുപ്രീംകോടതിയില്‍ ഹര്‍ജി. രാഷ്ട്രവാദി ജനതാ പാര്‍ടിയാണ് ഹര്‍ജി നല്‍കിയത്. കൊവിഡ്, പ്രളയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അലോചന. എന്നാല്‍ ഇത് മാറ്റിവയ്ക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത്. 

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാര്‍ എന്‍ഡിഎയില്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ബിഹാറിലെ 143 സീറ്റിലും തനിച്ച് മത്സരിക്കുമെന്ന് ലോക് ജനശക്തി പാര്‍ട്ടി ഭീഷണി മുഴക്കി. എന്‍ഡിഎ സഖ്യം തുടരണോയെന്ന് തീരുമാനിക്കാന്‍ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചിരാഗ് പാസ്വാനെ ചുമതലപ്പെടുത്തി. സര്‍ക്കാരുമായി കാലങ്ങളായി ലോക് ജനശക്തി പാര്‍ട്ടി തുടരുന്ന അസ്വാരസ്യമാണ് പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്.

കൊവിഡിലടക്കം സര്‍ക്കാര്‍ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയ ചിരാഗ് പാസ്വാന്‍, സഖ്യത്തിന് പുറത്തേക്കെന്ന സൂചനകള്‍ നേരത്തെ നല്‍കിയിരുന്നു. സഖ്യത്തില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെയും അറിയിച്ചതായാണ് വിവരം. ഈ തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നീതീഷ് കുമാറിനെ ബിജെപി ഉയര്‍ത്തിക്കാട്ടിയത് ചിരാഗ് പാസ്വാനെ ചൊടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിന് മുന്നണിയിലുള്ള എല്ലാ കക്ഷികള്‍ക്കും തുല്യ അവകാശമുണ്ടെന്ന ചിരാഗ് പസ്വാന്റെ വാദം ബിജെപി മുഖവിലക്കെടുത്തതുമില്ല.

മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച എന്‍ഡിഎയുടെ ഭാഗമായതും എല്‍ജെപിയുടെ അസന്തുഷ്ടി ഇരട്ടിയാക്കി. അതേ സമയം ചിരാഗ് പാസ്വാന്റെ സമ്മര്‍ദ്ദത്തെ മുഖവിലക്കെടുക്കേണ്ടെന്നാണ് നിതീഷ് കുമാറിന്റെ നിലപാട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നാല്‍പത് സീറ്റുകളില്‍ മത്സരിച്ച എല്‍ജെപിക്ക് രണ്ടിടത്ത് മാത്രമാണ് വിജയിക്കാനായത്. 

click me!