വടക്കൻ കേരളവും ഇനി റഡാർ കണ്ണിൽ; ഡോപ്ലർ റഡാർ മംഗളൂരുവിൽ, മഴയും ചുഴലിക്കാറ്റും ഇടിമിന്നലുമൊക്കെ നേരത്തെ അറിയാം

Published : Nov 29, 2025, 03:02 PM IST
Doppler radar

Synopsis

നിലവിൽ റഡാർ പരിധിയിൽ വരാത്ത കാസർഗോഡ്, കണ്ണൂർ ജില്ലകൾ ഉൾപ്പെടെ ഈ റഡാറിന്‍റെ പരിധിയിൽ വരുന്നത് ഇനി മുതൽ വടക്കൻ കേരളത്തിലെ തത്സമയ അന്തരീക്ഷ സ്ഥിതി കൂടുതൽ കൃത്യമായി നിരീക്ഷിക്കാൻ സഹായകരമാകും.

മംഗളൂരു: രാജ്യത്തെ തത്സമയ കാലാവസ്ഥാ നിരീക്ഷണത്തിൽ നിർണായകമായ റഡാർ സംവിധാനം മംഗളൂരുവിൽ പ്രവർത്തനക്ഷമമായി. കർണാടകയിലെയും കേരളത്തിലെയും കാലാവസ്ഥാ പ്രവചനം കൂടുതൽ കൃത്യമാക്കുന്നതിന് വേണ്ടിയാണ് മംഗളൂരുവിൽ പുതിയ റഡാർ സ്ഥാപിച്ചത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് സംവിധാനം ഉദ്ഘാടനം ചെയ്തു. കർണാടകയിലെ ആദ്യ ഡോപ്ലർ റഡാർ ആണിത്. 250 കി.മി പരിധിയിൽ നിരീക്ഷണം നടത്താൻ കഴിയുന്ന സി ബാൻഡ് റഡാറാണ്‌ മംഗളൂരുവിലെ ശാക്തിനഗറിൽ സ്ഥാപിച്ചത്.

കർണാടക തീരപ്രദേശങ്ങൾ, ഗോവ, വടക്കൻ കേരളം, ലക്ഷദ്വീപ് തീരങ്ങൾ, അറബിക്കടൽ മേഖലകൾ റഡാർ പരിധിയിൽ വരും. നിലവിൽ റഡാർ പരിധിയിൽ വരാത്ത കാസർഗോഡ്, കണ്ണൂർ ജില്ലകൾ ഉൾപ്പെടെ ഈ റഡാറിന്‍റെ പരിധിയിൽ വരുന്നത് ഇനി മുതൽ വടക്കൻ കേരളത്തിലെ തത്സമയ അന്തരീക്ഷ സ്ഥിതി കൂടുതൽ കൃത്യമായി നിരീക്ഷിക്കാൻ സഹായകരമാകും. റഡാർ വഴി മഴ, ചുഴലിക്കാറ്റുകൾ, കാറ്റ് , ഇടി മിന്നൽ തുടങ്ങിയവ തത്സമയം കൃത്യമായി നിരീക്ഷിക്കാനും ഇതിനെ അടിസ്ഥാനമാക്കി വേണ്ട മുന്നറിയിപ്പുകൾ പുറപ്പെടുവിക്കാനും സാധിക്കുമെന്നതും നേട്ടമാണ്.

നിലവിൽ തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെൻ്ററിലും കൊച്ചിയിലുമാണ് റഡാർ സംവിധാനമുള്ളത്. മംഗളൂരുവിലെ റഡാറിന്‍റെ പരിധിയിൽ കാസർകോട്, കണ്ണൂർ ജില്ലകൾ വരുന്നതോടെ സംസ്ഥാനം മുഴുവൻ കൃത്യമായ റഡാർ നിരീക്ഷണത്തിലാകും. മഴയുടെ തീവ്രത, കാറ്റിൻ്റെയും മഴമേഘങ്ങളുടെയും സഞ്ചാരദിശ തുടങ്ങിയവ ഉയർന്ന കൃത്യതയോടെ ഡോപ്ലർ റഡാർ പ്രവചിക്കും.

വയനാട്ടിലും കൊല്ലത്തും ലക്ഷദ്വീപിലും പുതിയ റഡാറുകൾ 

വയനാട് റഡാർ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. പുൽപള്ളി പഴശ്ശി രാജ കോളജിന് സമീപമാണ് റഡാർ സ്ഥാപിക്കുന്നത്. 100 കിലോമീറ്റർ നിരീക്ഷണ പരിധിയുള്ള എക്സ്-ബാൻഡ് ഡോപ്ലർ റഡാറാണ് ഇവിടെ സ്ഥാപിക്കുക. മഴ, ഇടിമിന്നൽ, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളുടെ പ്രവചനം ഡോപ്ലർ റഡാർ ഉപയോഗിച്ച് സാധ്യമാകും. വയനാടിന് പുറമെ 250 കിലോമീറ്റർ നിരീക്ഷണ പരിധിയുള്ള സി-ബാൻഡ് റഡാർ കൊല്ലത്തും സ്ഥാപിക്കും. ലക്ഷദ്വീപിൽ മിനിക്കോയ്, അമിനി എന്നിവിടങ്ങളിലും 250 കിലോമീറ്റർ പരിധിയുള്ള നിരീക്ഷണ റഡാറുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശങ്ങൾ: ഉദയനിധി സ്റ്റാലിന്‍റേത് വിദ്വേഷ പ്രസംഗം ആണെന്ന് മദ്രാസ് ഹൈക്കോടതി
ഇഷ്ടം പോലെ ചെലവഴിക്കാൻ പതിനായിരം കോടി രൂപയുടെ ബാങ്ക് ബാലന്‍സ്, ചെലവ് കുറവ്; ആശങ്കയില്ലാതെ ബിജെപി അധ്യക്ഷ പദത്തിൽ നിതിൻ നബിന്‍