
കൊച്ചി: ദീർഘദൂര ട്രെയിൻ യാത്രകളിൽ സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് ഇനി തലയിണയും ബെഡ്ഷീറ്റും സ്വന്തമായി കൊണ്ടുപോകേണ്ട ആവശ്യം വരില്ല. യാത്രക്കാർ നേരിടുന്ന ഈ ബുദ്ധിമുട്ട് പരിഗണിച്ച്, ആവശ്യക്കാർക്ക് പണം നൽകി ഉപയോഗിക്കാവുന്ന അണുവിമുക്തമാക്കിയ ബെഡ് റോളുകൾ അടുത്ത വര്‍ഷം ജനുവരി 1 മുതൽ നൽകുമെന്ന് ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷൻ അറിയിച്ചു. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും. പദ്ധതി ആരംഭിക്കുന്ന ട്രെയിനുകളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള മൂന്ന് സർവീസുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. റെയിൽവേ ഉദ്യോഗസ്ഥൻ നൽകിയ വിവരമനുസരിച്ച് ഈ ട്രെയിനുകൾ: 22651/22652 ചെന്നൈ-പാലക്കാട് എക്സ്പ്രസ്, 12695/12696 ചെന്നൈ സെൻട്രൽ–തിരുവനന്തപുരം എക്സ്പ്രസ്, 22639/22640 ചെന്നൈ-ആലപ്പുഴ എക്സ്പ്രസ്
'ന്യൂ ഇന്നൊവേറ്റീവ് നോൺ-ഫെയർ റെവന്യൂ ഐഡിയാസ് സ്‌കീമിൻ്റെ' ഭാഗമായി 2023-24 കാലയളവിൽ ഒരു പൈലറ്റ് പ്രോജക്ട് എന്ന നിലയിൽ ചെന്നൈ ഡിവിഷൻ ഈ സൗകര്യം നടപ്പിലാക്കിയിരുന്നു. യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്നാണ് ഈ സേവനം ഒരു സ്ഥിരം നോൺ-ഫെയർ റവന്യൂ സംരംഭമായി അവതരിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചത്. ഈ പദ്ധതി പ്രകാരം, ഒരു ബെഡ്ഷീറ്റ്, തലയിണ, തലയിണ കവർ എന്നിവ 50 രൂപയ്ക്ക് വാടകയ്ക്ക് ലഭിക്കും. തലയിണയും തലയിണ കവർ മാത്രമായി ആവശ്യമുള്ളവർക്ക് 30 രൂപ നൽകിയാൽ മതിയാകും. ഒറ്റ ബെഡ്ഷീറ്റ് മാത്രം ആവശ്യമുള്ളവർക്ക് 20 രൂപയ്ക്ക് ലഭിക്കും.
ഈ നീക്കത്തെ യാത്രക്കാരുടെ സംഘടനകൾ സ്വാഗതം ചെയ്തു. ചെന്നൈയിലേക്കോ മംഗളൂരുവിലേക്കോ യാത്ര ചെയ്യുന്നവർക്ക് ഇത് ഏറെ സഹായകമാകും. "ചെന്നൈ മെയിലിലും മറ്റ് ട്രെയിനുകളിലും യാത്ര ചെയ്യുന്ന മിക്കവാറും പേർ തങ്ങളുടെ ബാഗുകൾ തലയിണയാക്കിയാണ് ഒഴിഞ്ഞ ബർത്തുകളിൽ കിടന്നുറങ്ങിയിരുന്നത്. ഇനി അതിൻ്റെ ആവശ്യം വരില്ലെന്നാണ് യാത്രക്കാരുടെ പ്രതികരണം. എ.സി. കോച്ചുകളിലെ പോലെ ബെഡ്ഷീറ്റ്, തലയിണ, പുതപ്പ് എന്നിവയുടെ ഫീസ് യാത്രാക്കൂലിയുടെ കൂടെ നിർബന്ധിതമായി ഈടാക്കുന്നില്ല എന്നതും ഈ പുതിയ പദ്ധതിയുടെ പ്രധാന ഗുണമാണെന്നും യാത്രക്കാര്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam