വഖഫിൽ മമതയുടെ മലക്കംമറിച്ചിൽ! ഒടുവിൽ വഴങ്ങി പശ്ചിമ ബംഗാൾ, 82,000 വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യും

Published : Nov 29, 2025, 10:45 AM IST
Mamata Banerjee

Synopsis

വഖഫ് ഭേദഗതി നിയമം 2025 നടപ്പിലാക്കാൻ പശ്ചിമ ബംഗാൾ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി മമത ബാനർജി നിയമം നടപ്പാക്കില്ലെന്ന് മുൻപ് പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 5-നകം  വഖഫ് വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം  

കൊൽക്കത്ത: കേന്ദ്രസർക്കാർ പാസാക്കിയ പുതിയ വഖഫ് ഭേദഗതി നിയമം 2025 നടപ്പിലാക്കാൻ മാസങ്ങളോളം വിസമ്മതിച്ച പശ്ചിമ ബംഗാൾ സർക്കാർ ഒടുവിൽ വഴങ്ങി. സംസ്ഥാനത്തെ 82,000-ത്തോളം വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ ഡിസംബർ 5-നകം കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ഏപ്രിലിലാണ് വഖഫ് ഭേദഗതി നിയമം 2025 പാർലമെൻ്റിൻ്റെ ഇരുസഭകളും പാസാക്കിയത്. നിയമം സംസ്ഥാനത്ത് നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിൽ നിന്ന് പിന്നോട്ടു പോകുന്ന മമത സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയമായി ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. "ഞാൻ ബംഗാളിൽ വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വരാൻ അനുവദിക്കില്ല. അവരെ വിഭജിച്ച് ഭരിക്കാൻ ഞാൻ അനുവദിക്കില്ല. ഇവിടെ 33 ശതമാനം മുസ്ലീങ്ങൾ ഉണ്ട്. അവർ നൂറ്റാണ്ടുകളായി ഇവിടെ ജീവിക്കുന്നു. അവരെ സംരക്ഷിക്കേണ്ടത് എൻ്റെ കടമയാണ്." എന്നായിരുന്നു അന്ന് മമത പറഞ്ഞത്.

നിയമത്തിനെതിരെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാർ കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല. ഭേദഗതി ചെയ്ത നിയമത്തിലെ സെക്ഷൻ 3ബി പ്രകാരം രാജ്യത്തെ രജിസ്റ്റർ ചെയ്ത എല്ലാ വഖഫ് സ്വത്തുക്കളുടെയും വിവരങ്ങൾ ആറ് മാസത്തിനകം (2025 ഡിസംബർ 5) കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. വ്യാഴാഴ്ച സംസ്ഥാന ന്യൂനപക്ഷ വികസന വകുപ്പ് സെക്രട്ടറി പിബി സലീം എല്ലാ ജില്ലാ കളക്ടർമാർക്കും കത്തെഴുതി, കേന്ദ്ര പോർട്ടലിൽ സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളുടെ ജില്ല തിരിച്ചുള്ള വിവരങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ അപ്‌ലോഡ് ചെയ്യാൻ കത്തിൽ നിർദ്ദേശം നൽകിയതിന് പിന്നാലെ ആയിരുന്നു ഉടൻ ചെയ്യാമെന്ന മറുപടി ലഭിച്ചത്. ഭേദഗതി ചെയ്ത നിയമപ്രകാരം, വഖഫ് ബോർഡുകളിലും ട്രൈബ്യൂണലുകളിലും അമുസ്ലീം അംഗങ്ങളുണ്ടാകും. ഒരു സ്വത്ത് വഖഫ് സ്വത്തായി അവകാശപ്പെട്ടാൽ അതിൽ അന്തിമ തീരുമാനം എടുക്കുന്നത് സർക്കാരായിരിക്കും.

ജില്ലാ കളക്ടർമാർക്ക് നൽകിയ കത്തിലെ പ്രധാന നിർദ്ദേശങ്ങൾ

  1. ഉമീദ് പോർട്ടലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുക.
  2. അതാത് മുത്തവല്ലികൾ (വഖഫ് പ്രോപ്പർട്ടി മാനേജർമാർ), ഇമാമുകൾ, മദ്രസാ അധ്യാപകർ എന്നിവരെ ഉൾപ്പെടുത്തി കേന്ദ്ര പോർട്ടലിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനായി യോഗങ്ങൾ/വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കുക.
  3. ഡാറ്റാ എൻട്രി രണ്ട് ഭാഗങ്ങളായി ചെയ്യണം: (എ) വ്യക്തിഗത മുത്തവല്ലികൾ ഒടിപി അടിസ്ഥാനമാക്കി രജിസ്റ്റർ ചെയ്യുക, (ബി) വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ ചേർക്കുക.
  4. തർക്കത്തിലുള്ള വഖഫ് സ്വത്തുക്കൾ ഈ ഘട്ടത്തിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല.
  5. ഈ ചുമതലക്കായി ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കുകയും ദൈനംദിന പുരോഗതി നിരീക്ഷിക്കുകയും ചെയ്യുക.
  6. എട്ട് ജില്ലകളിൽ ഹെൽപ്പ് ഡെസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്; മറ്റ് ജില്ലകളും ഇത് സ്ഥാപിക്കണം.
  7. സംസ്ഥാന വഖഫ് ബോർഡ് എല്ലാ ദിവസവും (ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെ) വെർച്വൽ മോഡിൽ പരിശീലനം നൽകും.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം