പ്രത്യേക വിമാനം, അകത്ത് പ്രത്യേകം കൂടുകൾ, കൂട്ടിന് വിമാനത്തിൽ വിദഗ്ധസംഘം, അവർ വരുന്നു, ചീറ്റകൾ ഇന്ത്യയിലേക്ക്

By Web TeamFirst Published Sep 17, 2022, 1:31 AM IST
Highlights

കാത്തിരുന്ന ചീറ്റപ്പുലികൾ ഇന്ന് എത്തുകയാണ്.  ടെറ ഏവിയ എന്ന മൊൾഡോവൻ എയർലൈൻസിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ്  747 വിമാനത്തിലാണ് ചീറ്റകൾ ഇന്ത്യയിലെത്തുക

ദില്ലി: കാത്തിരുന്ന ചീറ്റപ്പുലികൾ ഇന്ന് എത്തുകയാണ്.  ടെറ ഏവിയ എന്ന മൊൾഡോവൻ എയർലൈൻസിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ്  747 വിമാനത്തിലാണ് ചീറ്റകൾ ഇന്ത്യയിലെത്തുക. ഗ്വാളിയോർ എയർപ്പോർട്ടിലാണ് വിമാനമിറങ്ങുക. അവിടെ നിന്ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്റുകളിലായിരിക്കും കൂനോ നാഷണൽ പാർക്കിലേക്കുള്ള യാത്ര.

അവർ എട്ടുപേരുണ്ട്. അഞ്ച് പെണ്ണും മൂന്ന് ആണും.  രണ്ട് വയസ് മുതൽ ആറ് വയസ് വരെ പ്രായമുള്ളവർ. പരിചിതമായ ആഫ്രിക്കൻ പുൽമേടുകളെ വിട്ട് ഇന്ത്യയിലേക്ക് വരികയാണ്. ആൺ ചീറ്റകളിൽ രണ്ട് പേർ സഹോദരങ്ങളാണ്.  ഒത്ജിവരോംഗോ റിസർവിൽ നിന്നാണ് ഇവരെ പിടിച്ചത്. ഒറ്റ പ്രസവത്തിൽ ജനിക്കുന്ന ആൺ ചീറ്റകൾ ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കും.  അതാണ് സഹോദരങ്ങളെ ഒരുമിച്ച് അയക്കാൻ കാരണം. മൂന്നാമത്തെ ആൺ ചീറ്റ എരിണ്ടി റിസർവിൽ നിന്നാണ്. പ്രായം  നാല് വയസ്.  ചീറ്റ കൺസർവേഷൻ ഫണ്ട്  തെക്ക് കിഴക്കൻ നമീബിയയിൽ നിന്ന് രക്ഷിച്ചെടുത്തതാണ് സംഘത്തിലെ ആദ്യ പെൺ ചീറ്റയെ. 

അമ്മ മരിച്ച കാട്ടുതീയിൽ നിന്ന് രക്ഷപ്പെട്ട ഈ ചീറ്റ 2020 സെപ്റ്റംബർ മുതൽ സിസിഎഫിന്റെ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലായിരുന്നു. ഒരു നമീബിയൻ വ്യാപാരിയുടെ സ്വകാര്യ ഭൂമിയിൽ നിന്ന് 2022 ജൂലൈയിൽ പിടിച്ചതാണ് രണ്ടാമത്തെ പെൺ ചീറ്റയെ. മൂന്നാമത്തെ പെൺ ചീറ്റ എരിണ്ടി റിസർവിൽ നിന്നാണ്. നാലാം ചീറ്റയെ 2017-ൽ ഒരു കൃഷിയിടത്ത് നിന്നും അവശനിലയിൽ കണ്ടെത്തിയതാണ്. അതിന് ശേഷം സിസിഎഫ് സംരക്ഷണത്തിലായിരുന്നു. 

2019 ഫെബ്രുവരിയിൽ  വടക്ക് പടിഞ്ഞാറൻ നമീബിയയിൽ നിന്ന് പിടിച്ചതാണ് സംഘത്തിലെ അവസാനത്തെ ചീറ്റയെ. എട്ട് പേരെയും ആവശ്യമായ കുത്തിവയ്പ്പുകളും പരിശോധനയും കഴിഞ്ഞ ശേഷം മയക്കി കിടത്തിയാണ് വിമാനത്തിൽ കൊണ്ടുവരുന്നത്. തുടർന്നുള്ള നിരീക്ഷണത്തിനായി പ്രത്യേക ട്രാക്കിംഗ് ഉപകരണങ്ങളും ശരീരത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. മരം കൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകളിലാണ് വിമാനത്തിലെ യാത്ര. 

ഡോക്ടർമാരടക്കം വിദഗ്ധ സംഘം കൂടെ തന്നെയുണ്ട്. കൂനോയിലെത്തിച്ച് കഴിഞ്ഞാൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ക്വാറന്റീൻ ഏരിയയിലാണ് ആദ്യം ചീറ്റകളെ തുറന്ന് വിടുക. മുപ്പത് ദിവസം ഈ പ്രത്യേക സംവിധാനത്തിൽ കഴിഞ്ഞ ശേഷമാണ് കൂനോയിലെ പുൽമേടുകളിലേക്ക് ഇവയെ സ്വൈര്യ വിഹാരത്തിനായി വിടുക. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

| First look of Cheetahs that will be brought from Namibia to India on 17th September at KUNO National Park, in Madhya Pradesh pic.twitter.com/HOjexYWtE6

— ANI (@ANI)

600ഹെക്ടർ പ്രദേശമാണ് ചീറ്റകൾക്കായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്നത്.  രാജ്യത്തെ വിവിധ നാഷണൽ പാർക്കുകളിലായി 50 ചീറ്റകളെ എത്തിക്കാനാണ് സർക്കാർ പദ്ധതി ഇതിന്റെ തുടക്കമാണ് കൂനൂവിലേക്കുള്ള വരവ്.  ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നുമാണ് ചീറ്റകളെ എത്തിക്കുന്നത്.  

Read moer: മോദി ക്രെഡിറ്റ് തട്ടിയെടുക്കുന്നു, ചീറ്റയെ കൊണ്ടുവരാൻ പദ്ധതിയിട്ടത് തങ്ങളെന്ന് കോൺ​ഗ്രസ്; തെളിവിനായി ഫോട്ടോയും

ആദ്യമായാണ് ഇത്രയും വലിയ ഒരു മാംസഭോജിയെ ഒരു വൻകരയിൽ നിന്ന് മറ്റൊരു വൻകരയിലേക്ക് കൊണ്ടുവരുന്നത്. ആദ്യമെത്തുന്ന എട്ട് ചീറ്റകൾ സാഹചര്യങ്ങളോട് എങ്ങനെ പൊരുത്തപ്പെടുന്നു എന്നത് അനുസരിച്ചിരിക്കും പദ്ധതിയുടെ ഭാവി.

click me!