Asianet News MalayalamAsianet News Malayalam

മോദി ക്രെഡിറ്റ് തട്ടിയെടുക്കുന്നു, ചീറ്റയെ കൊണ്ടുവരാൻ പദ്ധതിയിട്ടത് തങ്ങളെന്ന് കോൺ​ഗ്രസ്; തെളിവിനായി ഫോട്ടോയും

2010ൽ, മന്ത്രിയായിരുന്ന ജയറാം രമേശ് പദ്ധതിയുടെ ഭാ​ഗമായി ആഫ്രിക്കൻ പര്യടനം നടത്തുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ചാണ് കോൺ​ഗ്രസിന്റെ അവകാശവാദം. അന്ന് മൻമോഹൻസിം​ഗ് മന്ത്രിസഭയിൽ വനം പരിസ്ഥിതി മന്ത്രിയായിരുന്നു ജയറാം രമേശ്. 

congress said that they are behind the move to bring cheetahs to india and modi government is taking credit
Author
First Published Sep 16, 2022, 8:32 PM IST

ദില്ലി: ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ കൊണ്ടുവരാനുള്ള നീക്കത്തിന് പിന്നിൽ തങ്ങളാണെന്നും മോദി സർക്കാർ ക്രെഡിറ്റ് തട്ടിയെടുക്കുകയാണെന്നും കോൺ​ഗ്രസിന്റെ ആരോപണം. 2010ൽ, മന്ത്രിയായിരുന്ന ജയറാം രമേശ് പദ്ധതിയുടെ ഭാ​ഗമായി ആഫ്രിക്കൻ പര്യടനം നടത്തുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ചാണ് കോൺ​ഗ്രസിന്റെ അവകാശവാദം. അന്ന് മൻമോഹൻസിം​ഗ് മന്ത്രിസഭയിൽ വനം പരിസ്ഥിതി മന്ത്രിയായിരുന്നു ജയറാം രമേശ്. 

2010ൽ കോൺ​ഗ്രസ് ആവിഷ്കരിച്ച പദ്ധതി 2013ൽ സുപ്രീംകോടതി നിരോധിക്കുകയായിരുന്നെന്നാണ് കോൺ​ഗ്രസ് അവകാശപ്പെടുന്നത്. എന്നാൽ, പിന്നീട് 2020ൽ ഈ നിരോധനം കോടതി എടുത്തുകളഞ്ഞു എന്നും  പാർട്ടി പറയുന്നു.  കോൺ​ഗ്രസിന്റെ ശ്രമഫലമായാണ് 13 വർഷങ്ങൾക്ക് ഇപ്പുറം ഇപ്പോൾ ചീറ്റപ്പുലികൾ ഇന്ത്യയിലേക്ക് എത്തുന്നതെന്നും പാർട്ടി ട്വീറ്റിൽ അവകാശപ്പെടുന്നു. 

congress said that they are behind the move to bring cheetahs to india and modi government is taking credit

പ്രധാനമന്ത്രിയുടെ ജന്മദിനമായ നാളെയാണ് നമീബിയയിൽ നിന്ന് കൊണ്ടുവരുന്ന 8 ചീറ്റകളെ  മധ്യപ്രദേശിലെ കുനോ ദേശീ‌യോദ്യാനത്തിലേക്ക് എത്തിക്കുന്നത്. ടെറ ഏവിയ എന്ന മൊൾഡോവൻ എയർലൈൻസിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ്  747 വിമാനത്തിലാണ് ചീറ്റകൾ ഇന്ത്യയിലെത്തുക. 600ഹെക്ടർ പ്രദേശമാണ് ചീറ്റകൾക്കായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്നത്.  രാജ്യത്തെ വിവിധ നാഷണൽ പാർക്കുകളിലായി 50 ചീറ്റകളെ എത്തിക്കാനാണ് സർക്കാർ പദ്ധതി. ഇതിന്റെ തുടക്കമാണ് കുനോവിലേക്കുള്ള വരവ്.  ആദ്യമായാണ് ഇത്രയും വലിയ ഒരു മാംസഭോജിയെ ഒരു വൻകരയിൽ നിന്ന് മറ്റൊരു വൻകരയിലേക്ക് കൊണ്ടുവരുന്നത്. ആദ്യമെത്തുന്ന എട്ട് ചീറ്റകൾ സാഹചര്യങ്ങളോട് എങ്ങനെ പൊരുത്തപ്പെടുന്നു എന്നത് അനുസരിച്ചിരിക്കും പദ്ധതിയുടെ ഭാവി. 
 
അഞ്ച് പെണ്ണും മൂന്ന് ആണുമാണ് നാളെ എത്തുന്ന ചീറ്റകളിലുള്ളത്.  രണ്ട് വയസ് മുതൽ ആറ് വയസ് വരെ പ്രായമുള്ളവരാണ്.  ആൺ ചീറ്റകളിൽ രണ്ട് പേർ സഹോദരങ്ങളാണ്.  ഒത്ജിവരോംഗോ റിസർവിൽ നിന്നാണ് ഇവരെ പിടിച്ചത്. ഒറ്റ പ്രസവത്തിൽ ജനിക്കുന്ന ആൺ ചീറ്റകൾ ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കും. അതാണ് സഹോദരങ്ങളെ ഒരുമിച്ച് അയക്കാൻ കാരണം. മൂന്നാമത്തെ ആൺ ചീറ്റ എരിണ്ടി റിസർവിൽ നിന്നാണ്. പ്രായം  നാല് വയസാണ്.  ചീറ്റ കൺസർവേഷൻ ഫണ്ട്  തെക്ക് കിഴക്കൻ നമീബിയയിൽ നിന്ന് രക്ഷിച്ചെടുത്തതാണ് സംഘത്തിലെ ആദ്യ പെൺ ചീറ്റയെ. അമ്മ മരിച്ച കാട്ടുതീയിൽ നിന്ന് രക്ഷപ്പെട്ട ഈ ചീറ്റ 2020 സെപ്റ്റംബർ മുതൽ സിസിഎഫിന്റെ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലായിരുന്നു. ഒരു നമീബിയൻ വ്യാപാരിയുടെ സ്വകാര്യ ഭൂമിയിൽ നിന്ന് 2022 ജൂലൈയിൽ പിടിച്ചതാണ് രണ്ടാമത്തെ പെൺ ചീറ്റയെ. മൂന്നാമത്തെ പെൺ ചീറ്റ എരിണ്ടി റിസർവിൽ നിന്നാണ്. നാലാം ചീറ്റയെ 2017ൽ ഒരു കൃഷിയിടത്ത് നിന്നും അവശനിലയിൽ കണ്ടെത്തിയതാണ്. അതിന് ശേഷം സിസിഎഫ് സംരക്ഷണത്തിലായിരുന്നു. 2019 ഫെബ്രുവരിയിൽ  വടക്ക് പടിഞ്ഞാറൻ നമീബിയയിൽ നിന്ന് പിടിച്ചതാണ് സംഘത്തിലെ അവസാനത്തെ ചീറ്റയെ. എട്ട് പേരെയും ആവശ്യമായ കുത്തിവയ്പ്പുകളും പരിശോധനയും കഴിഞ്ഞ ശേഷം മയക്കി കിടത്തിയാണ് വിമാനത്തിൽ കൊണ്ടുവരുന്നത്. തുടർന്നുള്ള നിരീക്ഷണത്തിനായി പ്രത്യേക ട്രാക്കിംഗ് ഉപകരണങ്ങളും ശരീരത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. 

മരം കൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകളിലാണ് വിമാനത്തിലെ യാത്ര. ഡോക്ടർമാരടക്കം  വിദഗ്ധ സംഘം കൂടെ തന്നെയുണ്ട്. കൂനോയിലെത്തിച്ച് കഴിഞ്ഞാൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ക്വാറന്റീൻ ഏരിയയിലാണ് ആദ്യം ചീറ്റകളെ തുറന്ന് വിടുക. മുപ്പത് ദിവസം ഈ പ്രത്യേക സംവിധാനത്തിൽ കഴിഞ്ഞ ശേഷമാണ് കൂനോയിലെ പുൽമേടുകളിലേക്ക് ഇവയെ സ്വൈര്യ വിഹാരത്തിനായി വിടുക. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Read Also: പിറക്കുന്നത് മോദിയുടെ ജന്മദിനത്തിലാണോ; തമിഴ്നാ‌ട്ടിൽ സ്വർണമോതിരം നൽകുമെന്ന് ബിജെപി, മത്സ്യവും വിതരണം ചെയ്യും

Follow Us:
Download App:
  • android
  • ios