ഗൾഫിലെ ആദ്യ ഇന്ത്യൻ ക്ഷേത്രത്തിന് തറക്കല്ലിടാൻ മോദി; യുഎഇയ്ക്ക് എതിർപ്പെന്ന് സൂചന

By Web TeamFirst Published Apr 2, 2019, 3:21 PM IST
Highlights

റമദാനിന് തൊട്ടു മുമ്പ് ഇത്തരമൊരു പരിപാടിയുടെ ഉദ്ഘാടനം നടത്തുന്നതിൽ യുഎഇ സർക്കാരിനും തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുമോ എന്നതിൽ ഉദ്യോഗസ്ഥ തലത്തിലും ആശങ്ക നിലനിൽക്കവെയാണ് മോദിയുടെ യുഎഇ പര്യടനം. 

ദില്ലി: ഏപ്രിൽ 20-ന് അബുദാബിയിൽ ഗൾഫ് മേഖലയിലെ ആദ്യ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുങ്ങുന്നു. എന്നാൽ റമദാന് തൊട്ടുമുമ്പ് ഇത്തരമൊരു പരിപാടിയുടെ ഉദ്ഘാടനം നടത്തുന്നതിൽ യുഎഇ സർക്കാരിന് എതിർപ്പുണ്ടെന്നാണ് സൂചന. യുഎഇയും വിദേശമന്ത്രാലയ ഉദ്യോഗസ്ഥരും മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ തുടരുകയാണ്.

ലോക്‍സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവസാനത്തെ വിദേശസന്ദർശനമാകും യുഎഇയിലേത്. കഴിഞ്ഞ വർ‍ഷം ഫെബ്രുവരിയിൽ യുഎഇ സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി ഇതേ ക്ഷേത്രത്തിന്‍റെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തിരുന്നു. ആഗോള സർക്കാർ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് തൊട്ടുമുമ്പായിരുന്നു മോദിയുടെ ശിലാന്യാസ ചടങ്ങ്. 

അതേസമയം, ചടങ്ങ് തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുമെന്ന അഭിപ്രായവും ചില വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് വിദേശത്തായാലും ഹിന്ദു ക്ഷേത്രത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നത് പ്രചാരണത്തിന്‍റെ ഭാഗമായിത്തന്നെ കണക്കാക്കേണ്ടി വരുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. 

അബുദാബിയിൽ പണിയുന്ന ക്ഷേത്രം ദില്ലിയിലുള്ള സ്വാമി നാരായൺ സൻസ്ഥ എന്ന സംഘടനയുടെ സ്വാമി നാരായൺ ക്ഷേത്രത്തിന്‍റെ തനിപ്പകർപ്പാണ്. 55,000 സ്ക്വയർ മീറ്റർ ചുറ്റളവിലുള്ള ക്ഷേത്രത്തിനുള്ള ഭൂമി അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ ആണ് വിട്ടുനൽകിയത്.  

click me!