Fit India Quiz: ഫിറ്റ് ഇന്ത്യ ക്വിസ്: പ്രാഥമിക റൌണ്ടിൽ ഒന്നാമതെത്തി യുപിയിലെ വിദ്യാർത്ഥികൾ

By Web TeamFirst Published Jan 25, 2022, 9:05 PM IST
Highlights

ഡൽഹി പബ്ലിക് സ്കൂൾ-ഗ്രേറ്റർ നോയിഡയിലെ ദിവ്യാൻഷു ചമോലി ഒന്നാം സ്ഥാനവും വാരണാസിയിലെ ലഹർതാരയിലെ സൺബീം സ്കൂളിലെ ശാശ്വത് മിശ്ര രണ്ടാം സ്ഥാനവും നേടി. 

ദില്ലി: വിദ്യാർത്ഥികൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കായിക, ഫിറ്റ്നസ് ക്വിസായ ഫിറ്റ് ഇന്ത്യ ക്വിസിന്റെ (Fit India Quiz) പ്രാഥമിക റൗണ്ടിൽ തിളങ്ങി ഉത്തർപ്രദേശിൽ (Uttarpradesh) നിന്നുള്ള വിദ്യാർത്ഥികൾ. ചൊവ്വാഴ്ച പ്രഖ്യാപിച്ച ദേശീയതല മത്സരത്തിന്റെ ഫലം പുറത്തുവന്നപ്പോൾ ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥികൾ മറ്റെല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളെ പിന്തള്ളി പ്രാഥമിക റൗണ്ടിലെ ടോപ്പ് സ്കോറർമാരായി.

ഡൽഹി പബ്ലിക് സ്കൂൾ-ഗ്രേറ്റർ നോയിഡയിലെ ദിവ്യാൻഷു ചമോലി ഒന്നാം സ്ഥാനവും വാരണാസിയിലെ ലഹർതാരയിലെ സൺബീം സ്കൂളിലെ ശാശ്വത് മിശ്ര രണ്ടാം സ്ഥാനവും നേടി. കർണാടകയിലെ ബെംഗളൂരുവിലെ ബാൾഡ്വിൻ ഗേൾസ് ഹൈസ്കൂളിലെ അർക്കമിതയാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യയുടെ സമ്പന്നമായ കായിക ചരിത്രത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുകയും നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യയുടെ തദ്ദേശീയ കായിക ഇനങ്ങളെയും കായിക നായകന്മാരെയും കുറിച്ച് അവരെ ബോധവാന്മാരാക്കുകയുമാണ് ക്വിസ് ലക്ഷ്യമിടുന്നത്.

36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 361 സ്‌കൂളുകളിലെ വിദ്യാർത്ഥികൾ ഇനി സംസ്ഥാന ചാമ്പ്യന്മാരാകാനുള്ള സംസ്ഥാന റൗണ്ടുകളിൽ മത്സരിക്കും. ഐഐടി, ജെഇഇ പ്രവേശന പരീക്ഷകൾ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പ്രാഥമിക റൗണ്ട് സംഘടിപ്പിച്ചത്. യുവജന-കായിക മന്ത്രാലയം സംഘടിപ്പിച്ച ഫിറ്റ് ഇന്ത്യ ക്വിസിന്റെ പ്രാഥമിക റൗണ്ടിൽ രാജ്യത്തുടനീളമുള്ള 659 ജില്ലകളിലെ 13,502 സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.  3.25 കോടി രൂപയാണ് സമ്മാനത്തുക.  

ഓരോ സംസ്ഥാനത്തുനിന്നും കേന്ദ്രഭരണ പ്രദേശത്തുനിന്നും വിജയിക്കുന്നവർ ഈ വർഷാവസാനം നടക്കുന്ന ദേശീയ റൗണ്ടിൽ മത്സരിക്കും. ഈ റൗണ്ടിലെ വിജയികൾക്ക് ഇന്ത്യയുടെ ആദ്യ ഫിറ്റ് ഇന്ത്യ സ്റ്റേറ്റ്/നാഷണൽ ക്വിസ് ചാമ്പ്യൻ എന്ന ബഹുമതി ലഭിക്കും.

click me!