
ലഖ്‍നൗ: ഗോവധം ആരോപിച്ച് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ ആൾക്കൂട്ട ആക്രമണത്തിലും പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിംഗിന്‍റെ കൊലപാതക കേസിലും സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം കുറ്റപത്രം സമര്‍പ്പിച്ചു. 38 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത് . ഇതില്‍ അഞ്ച് പേര്‍ക്കെതിരെ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
സുബോധ് കുമാര്‍ സിംഗിനെ അഞ്ച് പേര്‍ ചേര്‍ന്ന് വളയുകയും ഇതില്‍ ഒരാള്‍ അദ്ദേഹത്തെ വെടിവെക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. 2018 ഡിസംബർ മൂന്നിനായിരുന്നു ഗോവധം ആരോപിച്ച് ബുലന്ദ്ഷഹറിൽ ആൾക്കൂട്ട ആക്രമണം നടന്നത്. സംഘർഷത്തിൽ സുബോധ് കുമാര്‍ സിംഗ് അടക്കം രണ്ട് പേർ കൊല്ലപ്പെട്ടു.
പശുവിനെ കൊന്നെന്ന് ആരോപിച്ച് ബജ്‌റംഗ്ദൾ നേതാവ് യോഗേഷാണ് പൊലീസിൽ വ്യാജ പരാതി നൽകിയത്. പിന്നീട് പരാതിയിൽ അന്വേഷണം നടത്താനെത്തിയ സുബോധ് കുമാറുമായി യോഗേഷ് വാക്ക് തർക്കത്തിലായി.
തുടർന്ന് ആള്‍ക്കൂട്ടത്തിന്‍റെ അക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുബോധ് കുമാര്‍ സിംഗിനെ പ്രതികൾ സമീപത്തെ വയലിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഇവിടെ വച്ച് സുബോധ് കുമാറിന്‍റെ തന്നെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് മറ്റൊരു പ്രതിയായ പ്രശാന്ത് നട്ട് അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam