
അഹ്മദാബാദ്: എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ അഞ്ച് വിദ്യാർത്ഥികൾ മരിച്ചതായി സ്ഥിരീകരണം. നാല് മെഡിക്കൽ ബിരുദ വിദ്യാർത്ഥികളും ഒരു പിജി റെസിഡന്റുമാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. വിമാനം ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്ക് വീണ് കത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇവിടെയുണ്ടായിരുന്ന വിദ്യാർത്ഥികളെയാണ് ആദ്യം പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപകടത്തിൽ ഹോസ്റ്റലിന് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഇവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും ഇതിനോടകം പുറത്തുവരികയും ചെയ്തു. ഹോസ്റ്റൽ മെസിലേക്ക് വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കാൻ എത്തുന്ന സമയമായിരുന്നു. പാത്രങ്ങളിൽ ഭക്ഷണം എടുത്ത് വെച്ചിട്ടുള്ളതും ചിത്രങ്ങളിൽ കാണാം. വിമാനം തകർന്നുവീണ് കെട്ടിടത്തിന്റെ ഒരു ഭാഗം തകരുകയും തീപിടിക്കുകയും ചെയ്തതിന് പിന്നാലെ അഗ്നിശമന സേന ഇവിടെയെത്തി. ഹോസ്റ്റലിലുണ്ടായിരുന്ന മുപ്പതോളം പേർ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നാണ് ആദ്യ ഘട്ടത്തിൽ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
വിമാനത്താവളത്തിൽ നിന്ന് 1.38ന് പറയുന്നർന്ന് അഞ്ച് മിനിറ്റിന് ശേഷമാണ് വിമാനം തകർന്നത്. 625 അടി ഉയരത്തിലേക്ക് പോയതിന് ശേഷമാണ് താഴേക്ക് പതിച്ചത്. 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരിൽ 11 കുട്ടികളും രണ്ട് കൈക്കുഞ്ഞുങ്ങളുമുണ്ട്. പറന്നു പൊങ്ങിയപ്പോൾ തന്നെ അപായസന്ദേശം ലഭിച്ചിരുന്നുവെന്നും എന്നാൽ തിരികെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ലെന്നും എയർ ട്രാഫിക് കൺട്രോൾ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam