Punjab Election 2022 : പഞ്ചാബില്‍ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ പങ്കെടുക്കാതെ കോണ്‍ഗ്രസ് എംപിമാര്‍

By Web TeamFirst Published Jan 27, 2022, 6:11 PM IST
Highlights

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഒരുദിവസത്തെ പര്യടനത്തിന് ഇന്നാണ് പഞ്ചാബില്‍ എത്തിയത്. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, നവ്‌ജോത് സിദ്ദു എന്നിവരോടൊപ്പം രാഹുല്‍ അമൃത്സറിലെ സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചു.
 

ദില്ലി: പഞ്ചാബില്‍ കോണ്‍ഗ്രസ് (Punjab Congress) നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi) പങ്കെടുത്ത റാലിയില്‍ സംസ്ഥാനത്തെ അഞ്ച് എംപിമാര്‍ പങ്കെടുത്തില്ല. മനീഷ് തിവാരി (Manish Tiwari), രവ്‌നീത് സിങ് ബിട്ടു, ജസ്ബിര്‍ സിങ് ഗില്‍, മുഹമ്മദ് സാദിഖ്, പ്രണീത് കൗര്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. ക്ഷണിക്കാത്തതുകൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്ന് ജസ്ബിര്‍ സിങ് ഗില്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചതെന്നാണറിഞ്ഞത്. പിസിസി അധ്യക്ഷനോ മുഖ്യമന്ത്രിയോ പരിപാടിയില്‍ പങ്കെടുക്കണമെന്ന് പറഞ്ഞിട്ടില്ല. മറ്റ് പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് കത്തെഴുതിയ ജി 23 നേതാക്കളിലൊരാളാണ് മനീഷ് തിവാരി. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഒരുദിവസത്തെ പര്യടനത്തിന് ഇന്നാണ് പഞ്ചാബില്‍ എത്തിയത്. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, നവ്‌ജോത് സിദ്ദു എന്നിവരോടൊപ്പം രാഹുല്‍ അമൃത്സറിലെ സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചു. തുടര്‍ന്ന് ദുര്‍ഗ്യാന മന്ദിറിലും ഭഗവാന്‍ വാല്‍മീകി തീര്‍ഥ് സ്ഥലിലും 117 സ്ഥാനാര്‍ഥികളുമായി രാഹുല്‍ സന്ദര്‍ശനം നടത്തി. ഫെബ്രുവരി 20നാണ് പഞ്ചാബിലെ തെരഞ്ഞെടുപ്പ്. ഫലം മാര്‍ച്ച് 10ന് പുറത്തുവരും. നിലവില്‍ അധികാരം കൈയാളുന്ന കോണ്‍ഗ്രസ് കടുത്ത മത്സരമാണ് പഞ്ചാബില്‍ നേരിടുന്നത്.
 

click me!