
ന്യൂഡൽഹി: ഫ്ളൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്തുതോൽപ്പിച്ച് യാത്രക്കാര സുരക്ഷിതരാക്കിയ പൈലറ്റ് ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്. ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാർ ആണ് സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്തുനിന്നതെന്ന് വിവിധ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്. സഹപൈലറ്റിന്റെ കുത്തേറ്റിട്ടും സ്മിത് മച്ചാർ ഇയാളെ നേരിടുകയും നിയന്ത്രണം കൈവിടാതെ വൻ ദുരന്തത്തിൽനിന്ന് വിമാനത്തെയും യാത്രക്കാരെയും രക്ഷിക്കുകയുമായിരുന്നു.
കഴിഞ്ഞ നാലുവർഷമായി സ്മിത് മച്ചാർ ഫ്ളൈ ദുബായ് വിമാനക്കമ്പനിയിൽ ജോലിചെയ്തുവരികയാണെന്നാണ് റിപ്പോർട്ട്. ഫ്ളൈദുബായിൽ പ്രവേശിക്കുന്നതിന് മുൻപ് സ്പൈസ് ജെറ്റിൽ പത്തുവർഷത്തോളം ജോലിചെയ്തിരുന്നു. 9750 മണിക്കൂർ വിമാനം പറത്തിയ അനുഭവസമ്പത്തുണ്ട്. 13 വർഷം ബോയിങ് 737 വിമാനങ്ങളും പറത്തിയിട്ടുണ്ട്.
ബുധനാഴ്ച ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പോയ ഫ്ളൈ ദുബായിയുടെ FZ 1073 വിമാനത്തിലാണ് കോക്ക്പിറ്റിൽ കത്തിക്കുത്തുണ്ടായത്. വിമാനം ദുബായിൽനിന്ന് പറന്നുയർന്നതിന് പിന്നാലെ സഹപൈലറ്റ് ക്യാപ്റ്റനെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാതെ ക്യാപ്റ്റൻ ഇതിനെ പ്രതിരോധിച്ചു. യാത്രക്കാരെത്തിയാണ് കോക്ക്പിറ്റിൽനിന്ന് ക്യാപ്റ്റനെ രക്ഷിച്ചത്. അക്രമിയെ ഇവർ കീഴ്പ്പെടുത്തി. ഇതിനിടെ അവധിയിലായിരുന്ന ചില പൈലറ്റുമാരും വിമാനത്തിലുണ്ടായിരുന്നു. ഇവർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തര ലാൻഡിങ് നടത്തുകയുമായിരുന്നു.
180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗംപേരും ഇസ്രയേൽ പൗരന്മാരായിരുന്നു. കോക്ക്പിറ്റിലെ ആക്രമണത്തിനിടെ വിമാനം രണ്ടുമിനിറ്റിനുള്ളിൽ 17400 അടിയിലേക്ക് താഴ്ന്നു. ഇതിനിടെ വിമാനത്തിൽനിന്ന് അപായസന്ദേശവും പോയി. വിമാനം ഹൈജാക്ക് ചെയ്താൽ നൽകുന്ന അന്താരാഷ്ട്ര എമർജൻസി കോഡാണ് സന്ദേശമായി പോയത്. ഇതോടെ വിമാനം തട്ടിയെടുത്തതാണെന്ന് കരുതി ഇസ്രയേൽ സൈന്യം യുദ്ധവിമാനങ്ങളും അയച്ചിരുന്നു. അതേസമയം, സംഭവത്തില്ർ ഫ്ളൈദുബായ് കൂടുതൽവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിമാനം സൗദിയിലേക്ക് തിരിച്ചുവിട്ടതായും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ഫ്ളൈദുബായ് അറിയിച്ചു. എന്നാൽ, സംഭവം ഭീകരാക്രമണമാണെന്ന് ഇസ്രയേൽ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പ്രതികരിച്ചു. വിമാനം തകർത്ത് ഇസ്രയേലി പൗരന്മാരെ കൊല്ലാനാണ് ഭീകരൻ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam