
ദില്ലി: കാലിത്തീറ്റ കുംഭകോണത്തിലെ (Fodder scam) അഞ്ചാമത്തെ കേസില്‍ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് (Lalu Prasad Yadav) അഞ്ച് വർഷം തടവും അറുപത് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഡോറാൻഡ ട്രഷറിയിലെ ക്രമക്കേട് കേസിലാണ് കോടതി വിധി പറഞ്ഞത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് ലാലു വിചാരണ നടപടികളിൽ പങ്കെടുത്തത്.
ലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന 1990 കളില്‍ നടന്ന അഴിമതികളില്‍ ഒന്നായിരുന്നു കാലത്തീറ്റ കുംഭകോണം. കാലിത്തീറ്റ, മരുന്നുകള്‍, ഉപകരണങ്ങള്‍ എന്നിവ വാങ്ങിയതിന്‍റെ വ്യാജ കണക്കുകള്‍ ഉണ്ടാക്കി ട്രഷറികളില്‍ നിന്ന് 940 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഇത് വിവിധ കേസുകളായാണ് രജിസ്റ്റർ ചെയ്തിരുന്നത്. അതില്‍ അഞ്ചാമത്തെ കേസിലാണ് ഇന്ന് വിധി പറഞ്ഞത്. 139 കോടി ഡോറാൻഡ ട്രഷറിയില്‍ നിന്ന് തട്ടിയെടുത്തു എന്നതാണ് കേസ്.
ലാലുവിനൊപ്പം കേസില്‍ പ്രതികളായ മറ്റ് 39 പേരെയും കുറ്റക്കാരായി റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു. ഇതിന് മുന്‍പുണ്ടായിരിന്ന നാല് കേസിലും കോടതി ലാലുവിനെ ശിക്ഷിച്ചിരുന്നു. അതില്‍ 2017 മുതല്‍ ലാലു പ്രസാദ് യാദവ് തടവ് ശിക്ഷ അനുഭവിക്കുന്നുണ്ട്. എന്നാല്‍ ശാരീരിക പ്രശ്നങ്ങല്‍ ഉള്ളതിനാല്‍ കുറേ നാളുകളായി ലാലു പ്രസാദ് റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസില്‍ ചികിത്സയിലാണ്. നിലവില്‍ മൂന്ന് വര്‍ഷവും 90 ദിവസവും തടവ് പൂര്‍ത്തിയാക്കിയെന്ന് ചൂണ്ടിക്കാട്ടി ലാലുവിന്റെ അഭിഭാഷകന്‍ ഇപ്പോഴത്തെ ശിക്ഷാവിധിയില്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ഒരു കേസുകൂടി പാറ്റ്ന സിബിഐക്ക് മുന്നിലുണ്ട്. അത് ബാങ്ക-ഭഗല്‍പ്പൂര്‍ ട്രഷറിയില്‍ നിന്ന് പണം പിൻവലിച്ചതുമായി ബന്ധപ്പെട്ടാണ്.
Lalu Prasad Yadav : കാലിത്തീറ്റ കുംഭകോണം; അഞ്ചാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരൻ
തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷത്തെ അടിക്കാനായാള്ള വടിയായാണ് ബിജെപി ഈ കേസിനെ കാണുന്നത്. എന്നാൽ കാലിത്തീറ്റ കുംഭകോണത്തിന് ശേഷം മറ്റ് അഴിമതികളൊന്നും രാജ്യത്ത് നടന്നില്ലേ എന്നതാണ് ലാലുവിന്‍റെ മകൻ തേജസ്വി യാദവ് വിധിക്ക് ശേഷം പ്രതികരിച്ചത്.
ജയിലില്‍ വെച്ച് ശാരീരിക അസ്വസ്ഥ്യം; ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു