
കൊൽക്കത്ത: ഉദ്ഘാടനത്തിന് തൊട്ട് പിന്നാലെയുള്ള വീഡിയോ. സ്ലീപ്പർ വന്ദേഭാരത് ട്രെയിനിൽ മാലിന്യവും ഭക്ഷണവും വലിച്ച് വാരിയിട്ട നിലയിൽ. പണം നൽകിയാൽ മാത്രം സാമൂഹ്യ ബോധമുണ്ടാവില്ലെന്ന് രൂക്ഷ വിമർശനം. 958 കിലോമീറ്റർ ദൂരം 14 മണിക്കൂറിനുള്ളിൽ വിമാനയാത്രയ്ക്ക് തുല്യമായി സഞ്ചരിക്കാനുള്ള അവസരവുമായി ഹൗറയ്ക്കും ഗുവാഹത്തിക്കും ഇടയിൽ വന്ദേഭാരത് സ്ലീപ്പർ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് ഇന്നലെയാണ്. എന്നാൽ പുത്തൻ വന്ദേഭാരതിനുള്ളിൽ കാണേണ്ടി വന്ന കാര്യങ്ങൾ യാത്രക്കാരൻ ട്വിറ്ററിൽ പങ്കുവച്ചതോടെയാണ് ആളുകളുടെ സാമൂഹ്യ ബോധത്തേക്കുറിച്ച് രൂക്ഷമായ വിമർശനം ഉയരുന്നത്. ദീർഘദൂര ട്രെയിൻ യാത്ര പൂർണ്ണമായും മാറ്റുമെന്ന ആശയത്തിലാണ് വന്ദേ ഭാരത് സ്ലീപ്പർ എത്തിയത്. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സ്ലീപ്പർ ട്രെയിനെന്ന പദവിയും പുതിയ വന്ദേഭാരതിനാണ് ഉള്ളത്. ട്രെയിൻ യാത്ര വിമാന യാത്ര പോലെയുള്ള അനുഭവമാക്കാൻ ശ്രമിക്കുമ്പോഴാണ് യാത്രക്കാരുടെ മോശം പെരുമാറ്റം ചർച്ച ചെയ്യപ്പെടുന്നത്. പാതിയാക്കിയ ഭക്ഷണം കംപാർട്ട്മെന്റിൽ വലിച്ച് വാരിയിട്ടിരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
രാജ്യത്തിന് അഭിമാനമായ പുത്തൻ ട്രെയിനിന്റെ ഉദ്ഘാടനം കഴിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ യാത്രക്കാരുടെ ഭാഗത്തുനിന്ന് ഇത്തരം മോശം അനുഭവങ്ങൾ ഉണ്ടാകുന്നതിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. യാത്രക്കാർ വലിച്ചെറിയുന്ന മാലിന്യങ്ങൾ പുതിയ ട്രെയിനിന്റെയും പ്രതിച്ഛായ നശിപ്പിക്കുമെന്നാണ വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിലേറെയും. ഇതെല്ലാം റെയിൽവേയുടെ തെറ്റാണോ അതോ യാത്രക്കാരുടെ തെറ്റാണോ എന്ന ചോദ്യത്തോടെയാണ് വീഡിയോ എക്സിൽ പങ്കുവച്ചിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam