
കൊൽക്കത്ത: നൊബേൽ സമ്മാന ജേതാവായ മദർ തെരേസ (Mother Teresa) സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ (Missionaries of Charity) വിദേശസഹായം സ്വീകരിക്കാനുള്ള വിലക്ക് നീക്കി കേന്ദ്രം. ക്രിസ്മസ് ദിവസമാണ് വിദേശ സംഭാവന സ്വീകരിക്കാനുള്ള മിഷനറീസ് ഓഫ് ചാരിറ്റിയ്ക്ക് നൽകിയ അനുമതി സർക്കാർ റദ്ദാക്കിയത്.
വിദേശ സഹായം സ്വീകരിക്കാൻ വിദേശ സംഭാവന നിയന്ത്രണച്ചട്ടത്തിന്റെ (Foreign Contribution Regulation Act - FCRA))രജിസ്ട്രേഷൻ നിർബന്ധമാണ്. ഇത് സംബന്ധിച്ച് ലൈസൻസ് പുതുക്കാൻ മിഷണറീസ് ഓഫ് ചാരിറ്റി നൽകിയ അപേക്ഷ കേന്ദ്രം നിരസിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചതോടെയാണ് വിലക്ക് നീക്കിയത്.
ചട്ടങ്ങളിൽ ചിലത് പാലിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രസർക്കാർ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൌണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ബാങ്ക് അക്കൌണ്ടുകൾ മരവിപ്പിച്ചത് വൻ വിവാദമാകുകയും നടുക്കം രേഖപ്പെടുത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്നാൽ ഇതിന് പിന്നാലെ ആരുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം പത്രക്കുറിപ്പിറക്കി. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ മിഷണറീസ് ഓഫ് ചാരിറ്റി അപേക്ഷനല്‍കിയത് പ്രകാരം നടപടിയെടുത്തതായി എസ്ബിഐ അറിയിച്ചതായും മന്ത്രാലയം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല പ്രശ്‌നം പരിഹരിക്കുന്നതുവരെ വിദേശസംഭാവനാ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ വിവിധശാഖകളോട് നിർദ്ദേശിച്ചതായി മിഷണറീസ് ഓഫ് ചാരിറ്റിയും അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam