
ഭോപ്പാല്‍: മുന്‍ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കെതിരെയുള്ള വ്യാജരേഖ ചമയ്ക്കല്‍ കേസ് മധ്യപ്രദേശ് സര്‍ക്കാര്‍ അവസാനിപ്പിച്ചു. ബിജെപി വീണ്ടും മധ്യപ്രദേശില്‍ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് കേസ് അവസാനിപ്പിച്ചത്. ഒരു സ്ഥലം വിറ്റതില്‍ നടത്തിയ ക്രമക്കേട് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന സിന്ധ്യക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നത്.
സുരേന്ദ്ര ശ്രീവാസ്തവ എന്നയാള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്താന്‍ ഉത്തരവായതെന്ന് ഇക്കോണമിക് ഒഫന്‍സസ് വിംഗ് അധികൃതര്‍ അറിയിച്ചിരുന്നു. നേരത്തെ, ഇതേ പരാതി 2014 മാര്‍ച്ച് 26ന് ശ്രീവാസ്തവ നല്‍കിയിരുന്നു. എന്നാല്‍, അന്വേഷണത്തിന് ശേഷം 2018ല്‍ ഈ കേസ് അവസാനിപ്പിക്കുകയായിരുന്നു.
എന്നാല്‍, തെളിവുകള്‍ വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ വീണ്ടും എത്തുകയായിരുന്നു. രജിസ്റ്റര്‍ ചെയ്ത ഒരു രേഖയില്‍ സിന്ധ്യയും കുടുംബവും കൃത്രിമം കാണിച്ചുവെന്നായിരുന്നു പരാതി. 2009ല്‍ ധാരണപ്രകാരമുള്ള കരാറില്‍ നിന്ന് 6000 ചതുരശ്ര അടി കുറച്ചാണ് വിറ്റതെന്നും അതില്‍ വ്യാജ രേഖ ചമച്ചുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് ജ്യോതിരാദിത്യ സിന്ധ്യയോടുള്ള വൈരാഗ്യം കൊണ്ടാണ് വീണ്ടും അദ്ദേഹത്തിനെതിരെയുള്ള കേസില്‍ അന്നത്തെ കമല്‍നാഥ് സര്‍ക്കാര്‍ പുനരന്വേഷണം നടത്തുന്നതെന്നായിരുന്നു സിന്ധ്യയുടെ അടുപ്പമുള്ളവരുടെ ആരോപണം.
പുനരന്വേഷണം നടത്തിയ ശേഷമാണ് കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് ഇപ്പോള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. കമല്‍നാഥ് സര്‍ക്കാര്‍ വീണതോടെ ശിവരാജ് സിംഗ് ചൗഹാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായി ഇന്നലെയാണ് ചുമതലയേറ്റത്. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണ്ണര്‍ ലാല്‍ജി ടണ്ഠന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആഘോഷം ഒഴിവാക്കി ലളിതമായാണ് സത്യപ്രതിജ്ഞ നടന്നത്. ജോതിരാദിത്യ സിന്ധ്യക്കൊപ്പം കോണ്‍ഗ്രസ് വിട്ട ഇരുപത്തിരണ്ട് എംഎല്‍എമാര്‍ താഴെയിറക്കിയ കമല്‍നാഥ് സര്‍ക്കാരിന് പകരമാണ് മധ്യപ്രദേശില്‍ വീണ്ടും ശിവരാജ്‌സിംഗ് ചൗഹാന്‍ അധികാരത്തിലേറിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam