Hardik Patel : ഹാർദിക് പട്ടേൽ ഇന്ന് ബിജെപിയിൽ ചേരും, ഗുജറാത്ത് ബിജെപിയിൽ അമർഷം

Published : Jun 02, 2022, 08:15 AM ISTUpdated : Jun 02, 2022, 10:48 AM IST
Hardik Patel : ഹാർദിക് പട്ടേൽ ഇന്ന് ബിജെപിയിൽ ചേരും, ഗുജറാത്ത് ബിജെപിയിൽ അമർഷം

Synopsis

ഹാർദിക്കിന്‍റെ നീക്കത്തിനെതിരെ ഗുജറാത്ത് ബിജെപിയിൽ അമർഷം ഉടലെടുക്കുന്നുണ്ട്. പട്ടേൽ സംവരണ സമരമടക്കം ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തിന്‍റെ തീരുമാനത്തെ ഒരു വിഭാഗം ചോദ്യം ചെയ്യുകയാണ്.

അഹമ്മദാബാദ്: കോൺഗ്രസ് (Congress) വിട്ട ഹാർദിക് പാട്ടേൽ (Hardik Patel) ഇന്ന് ബിജെപിയിൽ  (BJP) ചേരും. ഗുജറാത്ത് ബിജെപി അധ്യക്ഷനായ സി ആർ പാട്ടേലിന്‍റെ സാന്നിധ്യത്തിൽ അഹമ്മദാബാദിൽ വച്ച് അംഗത്വം സ്വീകരിക്കും എന്നാണ് വിവരം. ഹാർദിക്കിന്‍റെ നീക്കത്തിനെതിരെ ഗുജറാത്ത് ബിജെപിയിൽ അമർഷം ഉടലെടുക്കുന്നുണ്ട്. പട്ടേൽ സംവരണ സമരമടക്കം ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തിന്‍റെ തീരുമാനത്തെ ഒരു വിഭാഗം ചോദ്യം ചെയ്യുകയാണ്.

ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പട്ടേൽ സമുദായത്തിൽ നിർണായക സ്വാധീനമുള്ള ഹാർദിക് പട്ടേലിനെ പാർട്ടിയിലെത്തിക്കുന്നത് നേട്ടമാകും എന്നാണ് ബിജെപി വിലയിരുത്തൽ. നേരത്തെ ഗുജറാത്തിൽ കോൺഗ്രസിന്റെ വർക്കിങ്  പ്രസിഡന്‍റായിരുന്ന ഹാർദിക് വേണ്ടത്ര പരിഗണന ലഭിക്കാത്തതിനെ തുടർന്നാണ് നേതൃത്വവുമായി ഇടഞ്ഞതും പാർട്ടി വിട്ടതും. 

ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റായിരുന്ന ഹാർദിക് പട്ടേൽ മെയ് 18-നാണ് പാർട്ടി വിട്ടത്. പാർട്ടി വിട്ട് ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ താൻ ബിജെപിയിലേക്ക് ചേക്കേറുകയാണെന്നും വ്യാഴാഴ്ച പാർട്ടിയിൽ ചേരുമെന്നും ഹാർദിക് വ്യക്തമാക്കുന്നു. 28-കാരനായ പടിദാർ നേതാവ്, കോൺഗ്രസിന്‍റെ പട്ടേൽ സമുദായവോട്ട് ബാങ്കിന്‍റെ മുഖമായിരുന്നു. സംവരണപ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ഹാർദിക് പട്ടേൽ സ്വതന്ത്രദളിത് യുവനേതാവ് ജിഗ്നേഷ് മേവാനിക്കൊപ്പമാണ് 2019-ൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. അന്ന് ഹാർദിക് പട്ടേൽ ഔദ്യോഗികമായിത്തന്നെ കോൺഗ്രസിൽ ചേർന്നു. എംഎൽഎ സ്ഥാനമുള്ളതിനാൽ ജിഗ്നേഷ് മേവാനി പുറത്ത് നിന്ന് പിന്തുണ പ്രഖ്യാപിക്കുക മാത്രം ചെയ്തു.

Also Read: ചിന്തൻ ശിബിറും രക്ഷയാകുന്നില്ല; അഞ്ച് മാസത്തിനിടെ കോൺ​ഗ്രസ് വിട്ടത് അഞ്ച് പ്രമുഖ നേതാക്കൾ

ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹത്തോട് തെരഞ്ഞെടുപ്പിനുള്ള അവസരം എപ്പോഴും ഉണ്ടെന്നും തന്‍റെ ഭാവി നോക്കേണ്ടതുണ്ടന്നും കോൺഗ്രസിൽ നിന്ന് വിട്ടുപോരുന്നതിന് മുമ്പേ തന്നെ ഹാർദിക് പട്ടേൽ പറഞ്ഞിരുന്നതാണ്.  ഹൈക്കമാന്‍റുമായി തനിക്ക് പ്രശ്നങ്ങളില്ലെന്നും എന്നാൽ സംസ്ഥാനനേതൃത്വം തന്നെ എപ്പോഴും അവഗണിക്കുകയാണെന്നുമായിരുന്നു ഹാർദിക് പട്ടേലിന്‍റെ ആരോപണം. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന് സംഭവിച്ചത് തന്നെയാണ് ഗുജറാത്തിലും നടക്കുന്നതെന്ന് ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹാര്‍ദിക് പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റാക്കിയ സച്ചിന്‍ പൈലറ്റ് കഷ്ടപ്പെട്ട് ജോലി ചെയ്തു . എന്നാല്‍ അവസരം വന്നപ്പോള്‍ സച്ചിന്‍ ഒഴിവാക്കപ്പെട്ടുവെന്നും ഹാര്‍ദിക് പട്ടേല്‍ കുറ്റപ്പെടുത്തുന്നു. 

ഗുജറാത്തില്‍ ഈ വര്‍ഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പട്ടേല്‍ സമുദായത്തില്‍ കാര്യമായ സ്വാധീനമുള്ള നരേഷ് പട്ടേലിനെ കോണ്‍ഗ്രസില്‍ എത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. നരേഷ് പട്ടേല്‍ എത്തുന്നതോടെ തന്‍റെ അവസരം നഷ്ടപ്പെടുമെന്ന കണക്കുകൂട്ടലാണ് ഹാർദിക് പട്ടേലിന്‍റെ എതിര്‍പ്പിന് കാരണം. വിവാദവിഷയങ്ങളിൽ ഒരു തീരുമാനമെടുക്കുന്നതിലുള്ള ബിജെപിയുടെ കഴിവിനെ അഭിമുഖത്തില്‍ പ്രശംസിച്ച ഹാര്‍ദിക് നേരത്തെ ജമ്മുകശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയപ്പോഴും രാമക്ഷേത്ര നിര്‍മാണത്തിലും ബിജെപിയെ പിന്തുണച്ചിരുന്നു.

PREV
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ